പട്ടികവർഗ ക്ഷേമ ഫണ്ട് വിനിയോഗത്തിന് പുതിയ മേഖലകൾ കണ്ടെത്തും, നഗരസഭ, കോർപറേഷനുകളിൽ വിഹിതം ചെലവിടാൻ ബുദ്ധിമുട്ട്
text_fieldsപെരിന്തൽമണ്ണ: നഗരസഭകൾക്കും കോർപറേഷനുകൾക്കും ലഭിക്കുന്ന പട്ടികവർഗ ക്ഷേമ ഫണ്ട് വിനിയോഗിക്കാൻ പുതിയ മേഖലകൾ കണ്ടെത്താൻ ആലോചന. നിലവിൽ ഇവിടങ്ങളിൽ പട്ടികവർഗ ക്ഷേമ ഫണ്ട് വിനിയോഗിക്കാൻ പ്രയാസമനുഭവപ്പെടുന്നതിെൻറ പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകരണാസൂത്രണ വിഭാഗത്തെ ചുമതലപ്പെടുത്തിയത് പ്രകാരമാണ് നിർദേശങ്ങൾ സമർപ്പിച്ചത്. ഇതിൽ 14ാം പദ്ധതിയുടെ മാർഗരേഖയിൽ സാധ്യതയനുസരിച്ച് ഉൾപ്പെടുത്താനാണ് തീരുമാനം.
പട്ടികവർഗ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം പല കാരണങ്ങളാൽ മുടങ്ങുന്നത് തടയാൻ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളാണ് ആലോചനയിലുള്ള പ്രധാനപ്പെട്ടത്. ഐ.ടി.ഡി.പിക്ക് കീഴിൽ പ്രീ മെട്രിക് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നതിൽ പട്ടികവർഗ വിദ്യാർഥികളെ സ്ഥിരമായി താമസിപ്പിച്ച് പഠിപ്പിക്കുന്നതിന് സൗകര്യമുണ്ടെങ്കിലും കാലാനുസൃത മാറ്റങ്ങൾ സ്വീകരിക്കുന്നില്ല.
ഹയർ സെക്കൻഡറി തലം വരെയുള്ള പഠനം വരെയേ ഇപ്പോഴും ഇത്തരം ഹോസ്റ്റലുകളുടെ പരിഗണനയിലുള്ളൂ. പട്ടികവർഗ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനുതകുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളാണ് ഉയർന്നുവന്ന ആശയം. നഗര പ്രദേശങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പട്ടികവർഗക്കാർക്ക് സ്റ്റേ ഹോം, ഹോസ്റ്റൽ എന്നിവയും പരിഗണനയിലാണ്. വനവിഭവങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണി കണ്ടെത്തൽ, പട്ടികവർഗ വിഭാഗങ്ങൾ കൂടുതലുള്ള ജില്ലകളിൽ നൈപുണ്യ വികസന പരിശീലനം, കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും പ്രകൃതിദത്ത കുടിവെള്ള സൗകര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യൽ, ഒറ്റപ്പെട്ട പട്ടികവർഗ കുടുംബങ്ങൾക്കുള്ള പി.കെ. കാളൻ പദ്ധതി കാര്യക്ഷമമായി നടപ്പാക്കൽ തുടങ്ങിയവയാണ് സർക്കാറിന് മുന്നിലെത്തിയ നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.