ടൗൺഹാളിന് ചെലവിട്ട 1.85 കോടിക്ക് കൂടി നഗരസഭക്ക് നോട്ടിസ്
text_fieldsപെരിന്തൽമണ്ണ: ആധുനിക ടൗൺഹാൾ നിർമാണം രണ്ടുവർഷമായി പാതിവഴിയിൽ നിൽക്കുമ്പോഴും ചെലവിട്ട പണം മുഴുവൻ നൽകാനാവാതെ നഗരസഭ. അക്രഡിറ്റഡ് ഏജൻസിയായ എഫ്.ആർ.ബി.എല്ലിനെയാണ് നിർമാണം ഏൽപിച്ചിരുന്നത്. അഞ്ചുകോടി രൂപ അടങ്കൽ കണക്കാക്കിയ ഒന്നാംഘട്ടത്തിൽ കെട്ടിട നിർമാണത്തിനുള്ള 2.19 കോടി മാത്രമാണ് മുൻകൂറായി നൽകിയത്.
4.04 കോടി ചെലവിട്ട് ഇതിനകം രണ്ടുനില കെട്ടിടത്തിന്‍റെ പ്രാഥമിക രൂപമാക്കിയിട്ടുണ്ട്. പൂർത്തിയാക്കിയ പണികൾക്ക് ഇനിയും 1,85,27662 രൂപ നൽകണം. ഇക്കാര്യം ആവശ്യപ്പെട്ട് അക്രഡിറ്റഡ് ഏജൻസി നഗരസഭക്ക് നോട്ടിസ് നൽകി. വേണ്ടത്ര ഫണ്ട് ലഭ്യത ഉറപ്പാക്കാതെ 2019ലാണ് നിലവിലെ മുനിസിപ്പൽ ടൗൺഹാൾ പൊളിച്ച് ആധുനിക ടൗൺഹാളിന് ഏഴുകോടിയുടെ പദ്ധതി തയാറാക്കിയത്.
ടൗൺഹാൾ പൂർത്തിയാക്കാൻ ഇനിയും അഞ്ചുകോടിയോളം വേണം. ഈ തുക എങ്ങനെ കണ്ടെത്തുമെന്ന് ഇപ്പോഴും നഗരസഭക്ക് നിശ്ചയമില്ല. എങ്കിലും അടുത്ത മാർച്ച് 31നകം നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.
നഗരസഭയുടെ ഔദ്യോഗിക പരിപാടികൾ പോലും വലിയ വാടക നൽകി സ്വകാര്യ ഓഡിറ്റോറിയത്തിലാണ് നടത്തുന്നത്. ഈ ഇനത്തിൽ ചെലവ് വരുന്നതിന് പുറമെ പൊതുജനങ്ങൾക്ക് വാടകക്ക് നൽകി കിട്ടിയിരുന്ന വരുമാനവും മുടങ്ങിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.