ഓരാടംപാലം-വൈലോങ്ങര ബൈപ്പാസ് ; വേണ്ടത് 3.15 ഏക്കർ, സർവേ തുടങ്ങി
text_fieldsപെരിന്തൽമണ്ണ/മങ്കട: എട്ടുവർഷമായി മുടങ്ങിക്കിടക്കുന്ന ഓരാടംപാലം-വെലോങ്ങര ബൈപ്പാസ് നിർമാണത്തിന് പുതുക്കിയ അലൈന്‍മെൻറ് അടിസ്ഥാനത്തിൽ സർവേ ആരംഭിച്ചു. 16.09 കോടി അനുവദിച്ച് കഴിഞ്ഞ മാസം ഉത്തരവ് ഇറങ്ങിയിരുന്നു. 750 മീറ്ററിൽ 3.15 ഏക്കർ ഭൂമി ഏറ്റെടുക്കണം. നേരത്തെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെൻറ് കോർപറേഷൻ ഓഫ് കേരളക്ക് (ആർ.വി.ഡി.സി.കെ) നിർമാണ ചുമതല നല്‍കിയെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ ഹൈകോടതിയെ സമീപിച്ചതിനാൽ മുടങ്ങിയിരുന്നു. ശേഷം പുതിയ അലൈൻമെന്റ് തയാറാക്കുകയായിരുന്നു. പദ്ധതി ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. സർവേ ഒരാഴ്ച കൊണ്ട് പൂർത്തിയാക്കി ഏതെല്ലാം സർവേ നമ്പറിൽ ഉള്ള ഭൂമി ഏറ്റെടുക്കണം എന്ന് കണ്ടെത്തി ഏറ്റെടുക്കാൻ ഉത്തരവ് ഇറങ്ങലാണ് പ്രധാനം.
റോഡിന്റെ വീതി നേരത്തെ നിശ്ചയിച്ചിരുന്ന 12 മീറ്ററില്‍ നിന്നും 13.60 മീറ്ററായി വര്‍ധിക്കും. ഇത് ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സർവേ നടപടികൾ തുടങ്ങിയതിന്റെ ഭാഗമായി മഞ്ഞളാംകുഴി അലി എം.എൽ.എ ശിലാസ്ഥാപനം നടത്തി. അങ്ങാടിപ്പുറം പഞ്ചായത്തിലെ ജനപ്രതിനിധികൾ പങ്കെടുത്തു.
ഭൂമിയേറ്റെടുക്കലിന് ഉത്തരവിറക്കാൻ മരാമത്ത് വിഭാഗം കണ്ടിൻജൻറ് ചാർജ് അടക്കണം. ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പർ അടക്കം മരാമത്ത് വിഭാഗം വില്ലേജ് ഓഫിസുകളിൽ നിന്ന് ശേഖരിച്ച് റവന്യൂ വകുപ്പിന് നൽകണം. ഏറ്റെടുക്കുന്ന ഭൂമിയുടെ അഞ്ചു ശതമാനമോ 50 ലക്ഷമോ ഏതാണ് കുറവെങ്കിൽ അത് അടച്ചാണ് ഭൂമിയേറ്റെടുക്കൽ ഉത്തരവിന്റെ പ്രാഥമിക നടപടികളിലേക്ക് കടക്കുക. ഇവയുടെ ആദ്യ നടപടിയാണ് ശനിയാഴ്ച ആരംഭിച്ച സർവേ.
ഫണ്ടിങ് അനുമതി ലഭിച്ച സാഹചര്യത്തില്‍ പുതുക്കിയ അലൈന്റ് പ്രകാരമാണ് സർവേ നടപടിയും കല്ലിടലും നടന്നത്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ വേഗത്തിലാക്കി എത്രയും വേഗം പദ്ധതി നടപ്പാക്കുന്നതിന് നിര്‍വഹണ ഏജന്‍സിക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു.
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് (ഇൻ ചാർജ്) ശബീർ കറുമുക്കിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുനിൽ ബാബു വാക്കാട്ടിൽ, സലീന താണിയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നജ്മ തബഷീറ, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറൽ മാനേജർ സലാം, മാനേജർ അനസ്, കിറ്റ്കോ എൻജിനീയർമാർ, സർവേ ഉദ്യോഗസ്ഥർ, സ്ഥലമുടമകൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.