ഓരാടംപാലം-വൈലോങ്ങര ബൈപാസ്; ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇഴയുന്നു
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ചെറിയ തോതിലെങ്കിലും പരിഹാരമാകുന്ന ഓരോടംപാലം-വെലോങ്ങര ബൈപാസ് സർവേ നടപടിയും കല്ലിടലും വേഗത്തിൽ നടന്നെങ്കിലും ഭൂമിയേറ്റെടുക്കൽ നടപടികൾ ഇഴയുന്നു. മുക്കാൽ കി.മീ ഭാഗത്താണ് പുതിയ റോഡ് വരുന്നത്. 16 ഉടമകളിൽനിന്നാണ് ഭൂമിയേറ്റെടുക്കാനുള്ളത്. 2023 മേയിൽ റോഡിന് 16.09 കോടി രൂപ അനുവദിച്ച് വിജ്ഞാപനം വന്നിരുന്നു.
തുടർന്ന് 2023 ജൂൺ 17ന് അലൈൻമെന്റ് പ്രകാരമുള്ള കല്ലിടലും നടന്നു. ഇനി വേഗത്തിൽ നടക്കേണ്ടത് ഭൂമിയുടെ വില കണക്കാക്കി അത് ഏറ്റെടുക്കലാണ്. അലൈൻമെന്റ് പ്രകാരം ഭൂമിയുടെ സർവേ നമ്പറുകൾ കാണിച്ച് ഏറ്റെടുക്കാനുള്ള വിജ്ഞാപനമിറങ്ങി. താരതമ്യേന ചെറിയ പദ്ധതിക്ക് കാലദൈർഘ്യമില്ലാതെ മറ്റു സാങ്കേതിക നടപടികൾ പൂർത്തിയാക്കാമെന്നിരിക്കെ നടപടികൾ ഇഴയുകയാണ്.
ഭൂമി ഏറ്റെടുക്കുമ്പോൾ സർക്കാർ ഉടമകൾക്ക് പണം നൽകേണ്ടി വരുമെന്നതിനാൽ നീളുകയാണ്. 2016ല്‍ 12.62 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ച് ഉത്തരവാകുകയും ആർ.ബി.ഡി.സി.കെ എന്ന സർക്കാർ ഏജൻസിക്ക് നിർമാണ ചുമതല നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ചിലർ ഹൈകോടതിയെ സമീപിച്ചതിനാൽ മുടങ്ങിയിരുന്നു. പുതുക്കിയ പദ്ധതി പ്രകാരം റോഡിന്റെ വീതി നേരത്തെ നിശ്ചയിച്ചിരുന്ന 12 മീറ്ററില്‍നിന്ന് 13.60 മീറ്ററായി. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ വേഗത്തിലാക്കി എത്രയും വേഗം പദ്ധതി നടപ്പാക്കുന്നതിന് നിർവഹണ ഏജന്‍സിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയാണ് നടപടികൾ നീക്കേണ്ടത്. അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിൽ വൈലോങ്ങരയിൽനിന്ന് നിലവിലെ കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ ഓരാടംപാലത്തിന് സമീപം വരെ ബന്ധിപ്പിക്കുന്നതാണ് ഈ ബൈപാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.