പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ഒാക്സിജൻ പ്ലാൻറ് ഇന്ന് സമർപ്പിക്കും
text_fieldsപെരിന്തൽമണ്ണ: പി.എം കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ മെഡിക്കൽ ഒാക്സിജൻ ജനറേഷൻ പ്ലാൻറ് പൂർത്തിയായി. പ്ലാൻറ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. മേയ് 31ന് സ്ഥലപരിശോധന നടത്തി ജില്ല പഞ്ചായത്തിെൻറ മേൽനോട്ടത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. ജില്ല ആശുപത്രി പ്രധാന ബ്ലോക്കിന് സമീപം ബ്ലഡ് ബാങ്കിന് താഴെ ഒഴിവുള്ള സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.
നാഷനൽ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ ഡി.ആർ.ഡി.ഒ ആണ് പ്ലാൻറ് സ്ഥാപിച്ചത്. ലിക്വിഡ് ഓക്സിജൻ പ്ലാൻറിെൻറ നിർമാണ ചുമതല കൊച്ചിൻ അരൂർ ടോൾവെയ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ്.
ആവശ്യമായ സ്ഥലം നിർദേശിച്ച് നൽകിയാൽ അടിസ്ഥാന സൗകര്യങ്ങളും ഇലക്ട്രിഫിക്കേഷനും പൂർത്തിയാക്കുമെന്ന് അറിയിച്ചതോടെയാണ് ജില്ല പഞ്ചായത്ത് താൽപര്യമെടുത്ത് പ്ലാൻറ് യാഥാർഥ്യമാക്കിയത്.
നാഷനൽ ഹൈവെ അധികൃതരും ഡി.ആർ.ഡി.ഒ, നിർമാണ ചുമതലയുള്ള ഏജൻസി പ്രതിനിധികളും ചേർന്നാണ് പ്ലാൻറിന് സ്ഥലം നിശ്ചയിച്ചത്.
പി.എം കെയർ പദ്ധതിയിൽ തിരൂർ ജില്ല ആശുപത്രിയിലും ഓക്സിജൻ പ്ലാൻറ് യാഥാർഥ്യമാവുന്നുണ്ട്. നിലമ്പൂരിൽ ജില്ല പഞ്ചായത്ത് കോവിഡ് സ്പെഷൽ പദ്ധതിയിലാണ് പ്ലാൻറ് സ്ഥാപിക്കുന്നത്.
പെരിന്തൽമണ്ണക്ക് പുറമെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് രോഗികൾക്ക് ആവശ്യമായ ഒാക്സിജൻ ലഭ്യമല്ലാത്ത ഘട്ടത്തിലാണ് ഒാക്സിജൻ പ്ലാൻറിനെ കുറിച്ച് ചിന്തിച്ചത്. പ്ലാൻറ് യാഥാർഥ്യമായതോടെ വെൻറിലേറ്ററിൽ കിടത്തുന്ന മുഴുവൻ രോഗികൾക്കും ഇനി ആവശ്യമായ ഒാക്സിജൻ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.