ബൈപാസ്: നവകേരള സദസ്സിന്റെ തുടർനടപടി പ്രതീക്ഷിച്ച് പെരിന്തൽമണ്ണ
text_fieldsപെരിന്തൽമണ്ണ: നവകേരള സദസ്സ് മുമ്പാകെ ജനപ്രതിനിധികളും സംഘടനകളും ഉയർത്തിയ വികസന വിഷയങ്ങളിൽ തുടർനടപടി പ്രതീക്ഷിച്ച് നാട്. പെരിന്തൽമണ്ണയിൽ ഉയർന്ന പൊതു വികസന നിർദേശം ഗതാഗതക്കുരുക്കിന് പരിഹാരവും മുടങ്ങിക്കിടക്കുന്ന ബൈപാസ് പദ്ധതിക്ക് ജീവൻ നൽകലുമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും ആവശ്യം മുഖവിലക്കെടുത്തിട്ടുണ്ട്. അനിവാര്യമായും നടപ്പാവേണ്ട വികസന പദ്ധതിയാണെന്നാണ് ധനമന്ത്രി ബാലഗോപാൽ നവകേരള സദസ്സ് പൊതുസമ്മേളനത്തിൽ പറഞ്ഞത്.
ഓരാടംപാലം മുതൽ മാനത്തുമംഗലം വരെ ദേശീയപാതക്ക് സമാന്തരമായും അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ടൗണുകളുടെ പ്രധാന ഭാഗങ്ങളെ ഒഴിവാക്കിയുമുള്ളതാണ് നിർദിഷ്ട ബൈപാസ്. നേരത്തെ ഇത്തരത്തിൽ പദ്ധതി വന്ന ഘട്ടത്തിൽ ട്രഷറി നിക്ഷേപം വർധിപ്പിച്ചാൽ തത്തുല്യമോ അതിൽ കൂടുതലോ ഫണ്ട് വികസനത്തിനായി നീക്കിവെക്കാമെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് ഉറപ്പുനൽകിയിരുന്നു. അതേ നിർദേശം തന്നെയാണ് ധനമന്ത്രി ബാലഗോപാലും ആവശ്യം ഉയർത്തിയവർക്ക് മുന്നിൽ വെച്ചത്. പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ ട്രഷറികളിൽ നിക്ഷേപം വർധിപ്പിക്കാനാണ് സർക്കാർ നൽകിയ നിർദേശം.
പദ്ധതി വരേണ്ടത് അനിവാര്യമാണെന്ന് പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പങ്കെടുത്ത പ്രഭാത സദസ്സിൽ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ബോധ്യപ്പെട്ടതാണ്. 2010ൽ പദ്ധതി അംഗീകരിച്ച് പത്തു കോടി രൂപ വകയിരുത്തിയാണ് വി.എസ് സർക്കാർ കാലാവധി അവസാനിപ്പിച്ചത്.
എന്നാൽ പിന്നീട് ഫലപ്രദമായ ഇടപെടലില്ലാതെ പോയതും ആശുപത്രി നഗരത്തിൽ തുടരുന്ന ഗതാഗതക്കുരുക്ക് തീർക്കേണ്ടതും മന്ത്രിമാർക്ക് മുമ്പിൽ വെച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ സംഘടനകളും വ്യാപാരി സംഘടനകളും ഇക്കാര്യം പ്രത്യേകം ഉയർത്തിയതിന് പുറമെ എൽ.ഡി.എഫ് നൽകിയ വികസനാവശ്യങ്ങളിലും ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.
പദ്ധതിയുടെ പ്രാധാന്യം മുൻ എം.എൽ.എ വി. ശശികുമാർ മന്ത്രിമാർക്ക് മുമ്പിൽ അവതരിപ്പിച്ചതാണ്. പെരിന്തൽമണ്ണ, വലമ്പൂർ, അങ്ങാടിപ്പുറം വില്ലേജുകളിൽനിന്ന് 36 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുമെന്ന് റവന്യു ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണക്കാക്കിയതാണ്. ഭൂരിഭാഗവും കൃഷിഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. കിഫ്ബിയുടെ നേതൃത്വത്തിൽ സാധ്യത പഠനമാണ് നടത്തിയത്. കോഴിക്കോട് - പാലക്കാട് ദേശീയപാതക്ക് സമാന്തരമായി ഗ്രീൻഫീൽഡ് പാത വരുന്നുണ്ടെങ്കിലും നിലവിലെ പാതയിലെ തിരക്ക് കുറക്കാൻ പുതിയ ബൈപാസ് അനിവാര്യമാണെന്നാണ് സർക്കാറിന് മുമ്പിൽ ആവശ്യമുയർത്തിയവർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.