കാരുണ്യവഴിയിൽ 73 ബസുകളുടെ സർവിസ്
text_fieldsപെരിന്തൽമണ്ണ: സർവിസിനിടെ ബസിൽനിന്ന് വീണുമരിച്ച ജീവനക്കാരൻ ഫൈസൽ ബാബുവിന്റെ കുടുംബത്തിന് താങ്ങായി ഏകദിന കലക്ഷനായി ബസ് ജീവനക്കാർ സ്വരൂപിച്ചത് 20,42969 രൂപ. പെരിന്തൽമണ്ണ വഴി സർവിസ് നടത്തുന്ന 73 ബസുകളിലെ ജീവനക്കാർ ഒരുദിവസത്തെ കലക്ഷനും നാട്ടുകാരിൽനിന്ന് പിരിച്ചതുമടക്കമാണ് ഈ തുക.
20 ലക്ഷം രൂപ കുടുംബത്തിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും ബാക്കി പിതാവ് അബൂബക്കറിന്റെ കൈവശം ഏൽപിക്കുകയും ചെയ്തു. നവംബർ 14നാണ് ജോലിക്കിടെ നാട്ടുകൽ 53 ാം മൈലിൽ മണലുംപുറം തലയപ്പാടിയിൽ ഫൈസൽ ബാബു (38) പെരിന്തൽമണ്ണയിൽ ബസിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റത്. 15ന് മരണപ്പെടുകയും ചെയ്തു.
പെരിന്തൽമണ്ണ-മണ്ണാർക്കാട് റൂട്ടിലോടുന്ന പി.എം.എസ് ബസിലെ കണ്ടക്ടറായിരുന്നു ഫൈസൽ ബാബു. ഭാര്യയും മൂന്ന് ചെറിയ മക്കളുമാണ് കുടുംബം. ജീവനക്കാരുടെ കൂലിയടക്കം ഒരുദിവസത്തെ കലക്ഷൻ ഇവർ കുടുംബസഹായ നിധിയിലേക്ക് മാറ്റിവെച്ചായിരുന്നു സർവിസ്. നവംബർ 20ന് ശേഷമായിരുന്നു മൂന്നുദിവസത്തെ സർവിസ്. പെരിന്തൽമണ്ണ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകൾ ഇന്ധനച്ചെലവു മാത്രമെടുത്ത് ബാക്കി കുടുംബസഹായനിധിയിലേക്ക് നൽകിയാണ് സർവിസ് നടത്തിയത്.
ഫൈസൽ ബാബുവിന്റെ 13 വയസ്സുള്ള മകളുടെ പേരിൽ എട്ടുലക്ഷവും രണ്ട് ആൺകുട്ടികളുടെയും മാതാവിന്റെയും പേരിൽ അഞ്ചുലക്ഷം വീതവും മാതാവിന്റെ പേരിൽ രണ്ടുലക്ഷവും കുട്ടികളുടെ പഠനത്തിനും മറ്റുമായാണ് നിക്ഷേപിച്ചത്. യാത്രക്കൂലി പിരിക്കുന്നതിനുപുറമെ നാട്ടുകാരിൽനിന്നും യാത്രക്കാരിൽനിന്നും സഹായധനവും സ്വീകരിച്ചു. 1.37 ലക്ഷം രൂപ വരെ ഒരുദിവസം ഒരു ബസിൽ ജീവനക്കാർ ഇത്തരത്തിൽ സ്വരൂപിച്ചു. പ്രൈവറ്റ് ബസുടമ സംഘവും ബസ് ജീവനക്കാരുടെ സംഘടനകളും സംയുക്തമായാണ് ഉദ്യമം വിജയിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ ബസുടമ സംഘം താലൂക്ക് സെക്രട്ടറി കെ. മുഹമ്മദലി ഹാജി, നിനു കരീം, കെ. ഷൗക്കത്തലി കരിങ്കല്ലത്താണി, സഫാന മുഹമ്മദലി, പി.ജബ്ബാർ, ബസ് തൊഴിലാളി യൂനിയൻ പ്രതിനിധികളായ മാടാല മുഹമ്മദലി, അനിൽ കുറുപ്പത്ത്, കെ.ടി. ഹംസ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.