പെരിന്തല്‍മണ്ണ ഡിപ്പോ വികസനത്തിന് പണം; കെ.എസ്.ആർ.ടി.സി ഭൂമി പാട്ടത്തിന് നൽകും
text_fieldsപെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ഡിപ്പോ ഭൂമി പാട്ടത്തിന് നൽകി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ട്രാൻസ്പോർട്ട് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി കെ.ബി. ഗമേഷ്കുമാറിന്റെ ഓഫിസിൽ ചേർന്നു. ഡിപ്പോയിൽ ലബോറട്ടറി, ഫാര്‍മസി ഉള്‍പ്പെടെയുള്ള ക്ലിനിക്, ഡോര്‍മിറ്ററി, ഹോട്ടല്‍, ഫുഡ് കോര്‍ട്ട്, ഷോപ്പിങ് മാള്‍ എന്നിവയും സ്ഥാപിക്കും. ബസ് ടെര്‍മിനല്‍, വെയ്റ്റിങ് ഏരിയ, സ്റ്റാഫ് റൂം, ഓഫിസ്, വര്‍ക്ക് ഷോപ്പ് എന്നിവയുടെ നവീകരണം തുടങ്ങിയവ സംബന്ധിച്ചും ചർച്ച നടത്തി.
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാൻ ഡിപ്പോയുടെ ഉടമസ്ഥതയിലുള്ള 2.28 എക്കര്‍ ഭൂമി പാട്ട വ്യവസ്ഥയില്‍ നല്‍കും. ഡിപ്പോ നവീകരണവും കൂടുതല്‍ വരുമാനവുമാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടം ജനപ്രതിനിധികളുടെയും സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും.
സര്‍വിസുകള്‍ ഇല്ലാത്ത ഗ്രാമീണ പ്രദേശങ്ങളിലേക്ക് സ്വകാര്യ ബസ് സര്‍വിസുകള്‍ ആരംഭിക്കുന്നതിന് കെ.എസ്.ആര്.ടി.സി റൂട്ട് ഫോര്മുലേഷന് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയും പങ്കെടുത്തു.
ആദ്യം വേണ്ടത് കോവിഡ് കാലത്ത് നിർത്തിയവ പുനഃസ്ഥാപിക്കൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി വികസനത്തിന് അനിവാര്യമായി വേണ്ടത് കോവിഡ് കാലത്ത് നിർത്തിയ സർവീസുകൾ പുനഃസ്ഥാപിക്കലെന്ന് ആവശ്യം. കോവിഡ് കാലത്ത് പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിലെ സർവിസുകൾ നഷ്ടത്തിന്റെ കണക്കു പറഞ്ഞാണ് നിർത്തിയത്.
മങ്കട, പെരിന്തൽമണ്ണ എം.എൽ.എമാർക്ക് ഇവ പുനഃസ്ഥാപിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നിവേദനം നൽകുകയും അങ്ങാടിപ്പുറത്ത് പ്രതിഷേധ പരിപാടി നടത്തുകയും ചെയ്തിരുന്നു.
നോട്ടിഫൈഡ് റൂട്ടായി പ്രഖ്യാപിച്ചിട്ട് ഏഴു ബസുകൾ 14 സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ പേരിനു പോലും സർവിസുകളില്ല. സ്വകാര്യ മെഡിക്കൽ കോളജ് അടക്കം13 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ റൂട്ടിൽ യാത്രാക്ലേശം വളരെ രൂക്ഷമാണ്. വൈകുന്നേരം ഏഴു മണി കഴിഞ്ഞാൽ ഈ റൂട്ടിൽ സ്വകാര്യ ബസുകളുമില്ലാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.