പെരിന്തൽമണ്ണ ജില്ല ആശുപത്രി പ്രസവ വാർഡും ജില്ല ആശുപത്രി ഒാഫിസുകളും മാതൃ-ശിശു ബ്ലോക്കിൽ
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ കോവിഡ് രോഗികൾ കുറയുകയും കോവിഡ് ക്ലിനിക്ക് പഴയ മെയിൻ ബ്ലോക്കിലേക്കുതന്നെ മാറ്റുകയും ചെയ്തതോടെ ഗർഭിണികളെയും കുഞ്ഞുങ്ങളെയും പുതിയ ബ്ലോക്കിലേക്ക് മാറ്റി. പ്രസവ വാർഡ്, പ്രസവം നിർത്തൽ ശസ്ത്രക്രിയ, അമ്മക്കും കുഞ്ഞിനുമുള്ള ഇൻഷുറൻസ് പദ്ധതികൾ, ലാബ് തുടങ്ങിയ സേവനങ്ങൾ മാതൃ -ശിശു ബ്ലോക്കിലേക്ക് മാറ്റി.
ഇതോടൊപ്പം ഒാഫിസും പുതിയ കേന്ദ്രത്തിൽ തുറന്നു. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ അത്യാഹിത വിഭാഗവും അഡ്മിനിസ്ട്രേഷൻ ബ്ലോക്കും നിർമിക്കാൻ 11 കോടി രൂപ ഒന്നര വർഷം മുമ്പ് അനുവദിച്ചതാണ്. ഇതിനുപുറമെ ഇ-ഹെൽത്ത് പദ്ധതിയിൽ ഒ.പി നവീകരണത്തിനും മറ്റുമായി 1.2 കോടിയും അനുവദിച്ചിട്ടുണ്ട്.
പഴയ ഒാഫിസും അതിനു പിന്നിലുള്ള കെ.എച്ച്.ആർ.എസ്.ഡബ്ല്യൂ കെട്ടിടവും പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതോടെ ആശുപത്രിക്ക് മുൻവശം ആവശ്യത്തിന് പാർക്കിങ് ഏരിയയായി മാറും.
177 കിടക്കയാണ് താലൂക്ക് ആശുപത്രിയായിരിക്കെ ഉണ്ടായിരുന്നത്. എട്ട് സ്പെഷാലിറ്റി ഡോക്ടർമാരും 20 ജൂനിയർ കൺസൽട്ടൻറുമാരുമാണിവിടെ.
മാതൃ -ശിശു ബ്ലോക്കെന്ന പേരിൽ പുതിയ കെട്ടിടമുണ്ടാക്കിയതല്ലാതെ പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. 12 കോടി രൂപ ചെലവിൽ പുതിയ കെട്ടിടങ്ങളും അനുബന്ധ പ്രവൃത്തികളും പൂർത്തിയാവുന്നതോടെ ആശുപത്രിയുടെ മുഖം മാറും. ഒാഫിസ് പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയതോടെ ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന ഇവിടെ വനിത ജീവനക്കാരടക്കമുള്ളവർക്ക് പലപ്പോഴും റോഡ് മുറിച്ചുകടക്കണം. ഒരു പൊലീസുകാരെൻറ സേവനം എപ്പോഴും ഇവിടെ ഉറപ്പാക്കണമെന്നാണ് ആവശ്യം.
പുതിയ കേന്ദ്രത്തിൽ മെഡിക്കൽ റെക്കോഡ് ലൈബ്രറിയും
പെരിന്തൽമണ്ണ: മെഡിക്കൽ റെക്കോഡ് ലൈബ്രറിയില്ലാതെ പെരിന്തൽമണ്ണ ജില്ല ആശുപത്രി പിന്നിട്ടത് ഏഴുവർഷം. ആശുപത്രി ജീവനക്കാർ തന്നെ പരിമിതമായ സ്ഥലത്ത് സൂക്ഷിച്ച രേഖകൾ നോക്കി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സ്ഥിതിയായിരുന്നു. ഇപ്പോഴും ലൈബ്രറി തയാറാക്കിയിട്ടില്ല. പുതിയ മാതൃ-ശിശു ബ്ലോക്കിൽ താഴെ നിലയിൽ ഒാഫിസ് സജ്ജീകരിച്ചതോടെ ഒരു മുറി എം.ആർ ലൈബ്രറിയാക്കാനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്.
ഡോക്ടർമാർ എഴുതുന്ന കാൾഷീറ്റ്, ജനനം, മരണം, ഡിസ്ചാർജ്, പോസ്റ്റ്മോർട്ടം തുടങ്ങിയ മുഴുവൻ രേഖകളും പൊതുരേഖകളായി ആശുപത്രിയിൽ സൂക്ഷിക്കേണ്ടതുണ്ട്. ആവശ്യപ്പെടുന്ന ഘട്ടത്തിൽ പൊതുജനങ്ങൾക്ക് ഇവയുടെ പകർപ്പും നൽകേണ്ടതുണ്ട്. ജനന, മരണ സർട്ടിഫിക്കറ്റിൽ പേരു തിരുത്തുന്നതുമായി ബന്ധപ്പെട്ട സേവനങ്ങളും നൽകണം. ഇവക്ക് പുറമെ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ് നടത്തേണ്ടതും എം.ആർ ലൈബ്രേറിയെൻറ ചുമതലയിലാണ്. എന്നാൽ, ഇവക്കെല്ലാം ആധാരമായ ലൈബ്രറി പോലുമില്ലാതെ രേഖകൾ പരിമിതമായ സ്ഥലത്ത് സൂക്ഷിച്ചുവരികയായിരുന്നു.
പഴകി ദ്രവിച്ച ഓഫിസിൽനിന്ന് മോചനം
പെരിന്തൽമണ്ണ: പഴകിദ്രവിച്ച ഇടുങ്ങിയ മുറികളിൽനിന്ന് പെരിന്തൽമണ്ണ ജില്ല ആശുപത്രി ഒാഫിസിന് താൽക്കാലിക മോചനം. ആശുപത്രി വളപ്പിൽ ഏറ്റവും ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ ഒാടുമേഞ്ഞ കെട്ടിടത്തിലായിരുന്നു വർഷങ്ങളായി ആശുപത്രി ഒാഫിസ് പ്രവർത്തിച്ചിരുന്നത്. 2014ൽ പ്രത്യേക ഉത്തരവോടെ ജില്ല ആശുപത്രിയാക്കി ഉയർത്തിയപ്പോഴും ഇതിൽ തന്നെ തുടർന്നു. ഫയലുകൾ സൂക്ഷിക്കാനോ അട്ടിയിടാനോ സ്ഥലമില്ലാത്തതായിരുന്നു മുഖ്യ പിരിമിതി.
പുതിയ പത്തുനില ബ്ലോക്കിനായി മൂന്നു വർഷം മുമ്പ് സർക്കാറിലേക്ക് പദ്ധതി തയാറാക്കി നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. അനുമതി ലഭിച്ച ഫണ്ടുപയോഗിച്ച് കെട്ടിടം പണിയുന്നത് വരെയാണ് മാതൃ-ശിശു ബ്ലോക്കിൽ ഏറ്റവും താഴെ നിലയിൽ പുതിയ ഒാഫിസ് പ്രവർത്തിക്കുക. കെട്ടിടം നിർമിച്ച ഘട്ടത്തിൽ മാതൃ-ശിശു ആശുപത്രിക്കായി ഒാഫിസുകൾ താഴെ നിലയിലാണ് വിഭാവന ചെയ്തിരുന്നത്. 2020 മേയ് മുതൽ ഇവിടെ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയായിരുന്നു. പുതുതായി സജ്ജീകരിച്ച ഒാഫിസ് മുറികളിലെല്ലാം ഒാക്സിജൻ പൈപ്പ് കണക്ഷനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.