പെരിന്തൽമണ്ണ ജില്ല ആശുപത്രി രക്തബാങ്കിന് ഒന്നാം സ്ഥാനം
text_fieldsപെരിന്തൽമണ്ണ: സംസ്ഥാന തലത്തിലെ രക്തദാന ചലഞ്ചിൽ ജില്ല, ജനറൽ ആശുപത്രികളിൽ ഒന്നാം സ്ഥാനം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ രക്തബാങ്കിന്. ഐ.എം.എ, ജില്ല ആശുപത്രിയുടെ എച്ച്.എം.സി, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എൻ.എ.സി.സി.ഒ എന്നിവയുടെ നേതൃത്വത്തിൽ 1994 ആരംഭിച്ചതാണ് കേന്ദ്രം. പ്രതിമാസം 1200 മുതൽ 1400 യൂനിറ്റ് വരെ രക്തം ശേഖരിച്ച് ഘടകങ്ങളാക്കിയാണ് വിതരണം. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ 40ലധികം ആശുപത്രികളിലെ രോഗികൾക്ക് ഇത് ആശ്രയമാണ്. ജില്ലയിലെ യുവജന, സാമൂഹിക സംഘടനകൾ, വിദ്യാർഥികൾ തുടങ്ങിയവരാണ് ഇവിടേക്ക് രക്തം നൽകുന്നത്. മെഡിക്കൽ കോളജുകളിൽ കോഴിക്കോടും താലൂക്ക് ആശുപത്രികളിൽ പത്തനംതിട്ടയുമാണ് ഒന്നാം സ്ഥാനത്ത്.
സർക്കാർ ആശുപത്രികളിലെ രോഗികൾക്കും ഡയാലിസിസ് രോഗികൾക്കും മറ്റു പാവപ്പെട്ട രോഗികൾക്കും ടെസ്റ്റിങ് ഫീസ് ഒഴിവാക്കി സൗജന്യമായി രക്തം നൽകുന്നതിന് പുറമെ ജില്ല ആശുപത്രി, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ് തുടങ്ങിയ പ്രവർത്തനങ്ങളുമായും പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് സഹകരിക്കുന്നുണ്ട്. ആദ്യ കോവിഡ് ഘട്ടത്തിൽ പരിശോധന റിസൾട്ട് കിട്ടാൻ താമസം നേരിട്ടപ്പോൾ ഐ.സി.എം.ആർ, ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയവരുടെ അനുമതിയും ലൈസൻസും വാങ്ങി ട്രൂനാറ്റ് ആർ.ടി.പി.സി.ആർ പരിശോധന സംവിധാനവും ഒരുക്കിയിരുന്നതായി ബ്ലഡ് ബാങ്ക് മാനേജർ ഇ. രാമചന്ദ്രൻ പറഞ്ഞു.
രക്തദാനത്തിനും ബ്ലഡ്ബാങ്ക് പ്രവർത്തനത്തിനും തുടർച്ചയായി നാലാം തവണയാണ് അംഗീകാരം ലഭിക്കുന്നത്. നിലവിൽ ജില്ല ആശുപത്രിയുടെ ബ്ലോക്കിൽ ഒരു നില സർക്കാർ അനുമതിയോടെ നിർമിച്ചാണ് ബ്ലഡ് ബാങ്ക് നടത്തുന്നത്.
സർക്കാറിന് നേരിട്ട് ബന്ധമില്ലെങ്കിലും ജില്ല ആശുപത്രിയുടെ ഭാഗമാണിത്. 30ഒാളം പേർ താൽക്കാലികമായി ജോലി ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സ്ഥലം ആശുപത്രി വാർഡാക്കി ആശുപത്രി വളപ്പിൽ സ്വന്തമായി കെട്ടിടമെന്നത് ദീർഘകാല സ്വപ്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.