പെരിന്തല്‍മണ്ണ ജില്ല ആശുപത്രി: പരിമിതികൾ കണ്ട് എം.എൽ.എ, പരാതികൾ നിരത്തി രോഗികൾ
text_fieldsപെരിന്തല്‍മണ്ണ: വേണ്ടത്ര ഡോക്ടർമാരില്ലാതെയും ഉള്ള സേവനങ്ങൾ നേരാംവണ്ണം ലഭിക്കാതെയും ബുദ്ധിമുട്ടുന്ന രോഗികൾ ജില്ല ആശുപത്രിയിലെത്തിയ നജീബ് കാന്തപുരം എം.എൽ.എ, എച്ച്.എം.സി കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ. മുസ്തഫ എന്നിവരുടെ മുന്നിൽ പരാതിക്കെട്ടഴിച്ചു. പരാതികൾ സർക്കാറോ ജനപ്രതിനിധികളോ ജില്ല പഞ്ചായത്തോ ചെവികൊള്ളുന്നില്ല. പെരിന്തൽമണ്ണ, മങ്കട നിയോജക മണ്ഡലങ്ങളിലെയും പാലക്കാട് ജില്ലയിലെ പട്ടാമ്പി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് പ്രദേശങ്ങളോട് ചേർന്നുകിടക്കുന്നവരും ചികിത്സക്കെത്തുന്ന കേന്ദ്രമാണിത്. പകർച്ചപ്പനിയും മറ്റുമായി രോഗികൾ ദൂരം താണ്ടി എത്തിയാൽ വേണ്ടത്ര ഡോക്ടർമാരില്ലാതെ ഏറെ നേരം വരി നിൽക്കണം. ചില സ്പെഷാലിറ്റി ഒ.പികളിൽ ഡോക്ടർമാരില്ല. നേരത്തേയുള്ളത് പോലെ ശസ്ത്രക്രിയ നടക്കുന്നില്ല. ഒരു വർഷമായി ആശുപത്രിക്ക് സൂപ്രണ്ട് പോലുമില്ല. ചെറിയ കേസുകൾക്ക് പോലും അത്യാഹിത വിഭാഗത്തിൽനിന്ന് റഫർ ചെയ്യുന്നത് വർധിച്ചു.
പരാതികൾ ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ളയാളുടെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതികളിൽ ചർച്ചക്ക് വെച്ച് പരിഹാരമുണ്ടാക്കണം. അതുണ്ടാവാറില്ല. സേവനം മെച്ചപ്പെടുത്താൻ സൂപ്രണ്ടും ആശുപത്രി അധികൃതരും ആഴ്ചയിൽ ഒരു തവണ യോഗം ചേർന്ന് അവലോകനം നടത്തണമെന്ന് ജില്ല കലക്ടർ നിർദേശിച്ചതാണ്. പേരിനുപോലും ഇത് നടപ്പാക്കിയിട്ടില്ല. സർക്കാർ അവഗണനക്ക് പുറമ പ്രാദേശിക ജനപ്രതിനിധികളും ആശുപത്രിയോട് അവഗണന തുടരുന്നതായാണ് പരാതി. ആരോഗ്യമന്ത്രിയെ കണ്ട് പരിമിതികൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. പിന്നീട് ആരോഗ്യ ഡയറക്ടറെ കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ ആഗസ്റ്റിൽ ആശുപത്രി സന്ദർശിക്കുമെന്ന് ഉറപ്പുനൽകി ജനപ്രതിനിധികളെ മടക്കുകയായിരുന്നു. കെട്ടിട നിർമാണത്തിന്റെ രൂപരേഖ ചർച്ചയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയ എം.എൽ.എയോടാണ് ഇതേ പരാതികൾ രോഗികൾ വീണ്ടും ആവർത്തിച്ചത്. ആശുപത്രി അധികൃതരും ആശുപത്രി വികസന സമിതിയുമായും ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.