പെരിന്തൽമണ്ണ ജില്ല ആശുപത്രി ശോച്യാവസ്ഥ: പരാതി അധികൃതർക്ക് മുന്നിലെത്തിയിട്ടും പരിഹാരമില്ല
text_fieldsപെരിന്തൽമണ്ണ: ആവശ്യത്തിന് ഡോക്ടർമാരുണ്ടായിട്ടും പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ വേണ്ടവിധം സേവനങ്ങൾ ലഭിക്കാത്തത് സംബന്ധിച്ച് ആരോഗ്യ മന്ത്രി, എം.എൽ.എ, കലക്ടർ, ജില്ല പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. ആശുപത്രി ജില്ല പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലായതിനാൽ സർക്കാർതലത്തിൽ വേണ്ട പരിഗണന ലഭിക്കുന്നുമില്ല. ശോച്യാവസ്ഥ പരിഹരിക്കാൻ എം.എൽ.എ നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. 2014ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് ജില്ലയിൽ മൂന്ന് ജില്ല ആശുപത്രികൾ വരുന്നത്. ഇവയുടെ കാര്യത്തിൽ യഥാവിധി ഇടപെടാൻ ജില്ല പഞ്ചായത്തിന് കഴിയുന്നില്ല.
കേരള ഹെൽത്ത് റിസർച് വെൽഫെയർ സൊസൈറ്റിയുടെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ദ്രവിച്ച കെട്ടിടം പൊളിക്കാൻ ആരോഗ്യ വകുപ്പാണ് അനുമതി തരപ്പെടുത്തേണ്ടത്. ആശുപത്രി സൂപ്രണ്ടും ജില്ല പഞ്ചായത്തും ഡി.എം.ഒ ഡോ. ആർ. രേണുകയോട് ഇക്കാര്യങ്ങൾ ശ്രദ്ധയിൽപെടുത്തിയിരുന്നു. വകുപ്പുതലത്തിൽ ഒരു വർഷമായി കത്തിടപാട് നടക്കുന്നതല്ലാതെ പഴയ കെട്ടിടം പൊളിക്കാൻ അനുമതിയായില്ല.
മൂന്നുവർഷം മുമ്പ് കിഫ്ബി വഴി ലഭിച്ച 12 കോടി രൂപ ഇതുകാരണം ചെലവിട്ടിട്ടില്ല. ഒന്നര വർഷം മുമ്പ് ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ ജില്ല പഞ്ചായത്ത് തീരുമാനിച്ചത് പൂർത്തിയാക്കാതെ അനാവശ്യമായി നീണ്ടുപോയി.താൽക്കാലിക നിയമനം, കരാറുകൾ, നിർമാണം എന്നിവയാണ് എച്ച്.എം.സി യോഗത്തിൽ പ്രധാന ചർച്ചക്ക് വരുന്നത്. കോവിഡിനുശേഷം ഇവിടത്തെ മുഴുവൻ ബെഡിലും രോഗികൾ വന്ന ദിവസമുണ്ടായിട്ടില്ല. നിലവിലെ ജീവനക്കാരെയും സൗകര്യങ്ങളും വെച്ച് ആശുപത്രി സാമാന്യം നന്നായി പ്രവർത്തിച്ചിരുന്നു. സൂപ്രണ്ടടക്കം 31 ഡോക്ടർമാരുടെ തസ്തികയുണ്ട്.
ഇവക്ക് പുറമെ കോവിഡ് ഘട്ടത്തിൽ 20 താൽക്കാലിക ഡോക്ടർമാരും ഏഴുപേർ വർക്ക് അറേജ്മെൻറിലും ഉണ്ടായിരുന്നതിൽ ഏതാനും പേരെയേ മാറ്റിയിട്ടുള്ളൂ. അതേസമയം സ്റ്റാഫ് നഴ്സ്, കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാർ, അനസ്തേഷ്യ ഡോക്ടർ തുടങ്ങിയവരുടെ കുറവാണ് സേവനങ്ങൾ മുടങ്ങാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.