പെരിന്തൽമണ്ണ ജില്ല ആശുപത്രി: ഡി.എം.ഒ നിയമിച്ച നഴ്സുമാർ ചുമതലയേറ്റില്ല
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിലെ സേവനം മെച്ചപ്പെടുത്താൻ താൽക്കാലികാടിസ്ഥാനത്തിൽ ജില്ല മെഡിക്കൽ ഓഫിസർ നിയമിച്ച നഴ്സുമാർ ചുമതലയേറ്റില്ല. പാങ്ങ് പി.എച്ച്.സിയിൽനിന്നും ആലിപ്പറമ്പ് പി.എച്ച്.സിയിൽനിന്നുമാണ് രണ്ടു നഴ്സുമാരെ താൽക്കാലികാടിസ്ഥാനത്തിൽ വർക്ക് അറേഞ്ച്മെന്‍റിൽ നിയമിച്ച് ഡി.എം.ഒ ആർ. രേണുക ഉത്തരവിട്ടത്. ഉത്തരവിറങ്ങി ഒരു മാസത്തിലേറെയായിട്ടും നഴ്സുമാർ ചുമതലയേറ്റില്ല. ഇവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടുമില്ല. നിയമന ഉത്തരവ് ലഭിച്ചവർ അസൗകര്യം അറിയിച്ചാണ് ചുമതലയേൽക്കാതിരിക്കുന്നത്.
177 കിടക്കകളുള്ള ജില്ല ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും ഉണ്ടായിട്ടും വേണ്ടത്ര സേവനം നൽകുന്നില്ലെന്നും പകുതിയോളം കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും പൊതുപ്രവർത്തകരും കലക്ടറെ കണ്ടിരുന്നു. ജനപ്രതിനിധികൾ ഇടപെടാതെ ഒഴിഞ്ഞുമാറിയപ്പോഴാണ് കലക്ടറെ സമീപിച്ചത്. അദ്ദേഹമാണ് വിഷയം പഠിച്ച് പരിഹരിക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തിയത്. ഡി.എം.ഒ ആശുപത്രിയിൽ എത്തി ഡോക്ടർമാരോടും ജീവനക്കാരോടും പകൽ നീണ്ട ചർച്ച നടത്തിയാണ് രണ്ടു നഴ്സുമാരെ താൽക്കാലികമായി നിയമിച്ചത്.
അടച്ചിട്ട എമർജൻസി തിയറ്റർ തുറക്കുക, ഗർഭിണികൾക്കും രോഗികൾക്കും ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒഴിവാക്കുക, കിടത്തിച്ചികിത്സ നേരത്തേ ഉണ്ടായിരുന്നതുപോലെ നടത്തുക എന്നീ ആവശ്യങ്ങളാണ് കലക്ടർക്ക് മുന്നിൽ ഉന്നയിച്ചിരുന്നത്. എന്നാൽ, പരാതികൾ ഉന്നയിച്ചപ്പോഴുള്ള സ്ഥിതിയിൽനിന്ന് ഇപ്പോഴും ഒരുമാറ്റവും വന്നിട്ടില്ല.
നിലവിലെ സൂപ്രണ്ടിനെ മാറ്റിയതല്ലാതെ സ്ഥിരം സൂപ്രണ്ടിനെയും നിയമിച്ചിട്ടില്ല. അതേസമയം, മിനിമം നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരെ നൽകിയാൽ ഇപ്പോഴുള്ളതിനെക്കാൾ മെച്ചപ്പെട്ട സേവനം നൽകാനാവുമെന്ന് ഡോക്ടർമാർ പറയുന്നു. വകുപ്പുതലത്തിലാണ് ഇക്കാര്യത്തിൽ നടപടി വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.