പെരിന്തൽമണ്ണ ജില്ല ആശുപത്രി: ദുരിതാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തും
text_fieldsപെരിന്തല്‍മണ്ണ: ജില്ല ആശുപത്രിയുടെ സ്ഥിതി ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്താൻ വ്യാഴാഴ്ച ചേർന്ന എച്ച്.എം.സി യോഗത്തിൽ തീരുമാനം. ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്താൻ പുതിയ തസ്തിക സൃഷ്ടിക്കൽ, എൻ.എച്ച്.എം വഴി അധിക ജീവനക്കാരെ നിയമിക്കൽ എന്നീ കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം തിരുവനന്തപുരത്ത് ജൂലൈ 11നാണ് ആരോഗ്യ മന്ത്രിയെ കാണുക. എം.എൽ.എമാരെയും ഉൾപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എച്ച്.എം.സി അംഗങ്ങളായ ഇ. രാജേഷ്, കുറ്റീരി മാനുപ്പ, ഹംസ പാലൂര്, എസ്. അബ്ദുസ്സലാം എന്നിവരാണ് സംഘത്തിലുണ്ടാവുക.
വിവിധ സർക്കാർ പദ്ധതികളിലായി 20 ഡോക്ടർമാരും 39 സ്റ്റാഫ് നഴ്സും അടക്കം 176 താൽക്കാലിക ജീവനക്കാരുണ്ടായിരുന്ന ഇവിടെ ആകെ 39 താൽക്കാലിക ജീവനക്കാരാണിപ്പോൾ. ഇതില്‍ നാല് പേർക്കൊഴികെ 16 സെക്യൂരിറ്റിക്കാർക്കടക്കം എച്ച്.എം.സി ശമ്പളം നൽകണം.
നിലവിലെ ജില്ല പഞ്ചായത്ത് ഭരണസമിതി വിവിധ കാര്യങ്ങള്‍ക്കായി 16 കോടിയിലേറെ രൂപ ആശുപത്രിയിൽ ചെലവഴിച്ചിട്ടുണ്ട്. പാമ്പിന് കുഞ്ഞുങ്ങളെ കണ്ടതിനെത്തുടര്‍ന്ന് അടച്ചിട്ട സര്‍ജിക്കല്‍ വാര്‍ഡ് അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മികച്ച ചികിത്സ ഉറപ്പാക്കേണ്ട ലക്ഷ്യ പദ്ധതിയിലെ വാർഡ് ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രവൃത്തികൾ പൂർത്തിയാക്കി ഒരു മാസത്തിനകം തുറക്കും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്പ്) രോഗികളുടെ ചികിത്സ വിവരങ്ങൾ സമയത്തിന് കൈമാറാത്തതിനാൽ ഒരു കോടിയോളം രൂപ എച്ച്.എം.സിയിലേക്ക് കിട്ടാനുണ്ട്. ഒരുമാസത്തിനകം വിവരങ്ങൾ കൈമാറും.
യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, അംഗങ്ങളായ കെ.ടി. അഷ്റഫ്, ടി.പി. ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, കുറ്റീരി മാനുപ്പ, ഇ. രാജേഷ്, അഡ്വ. എസ്. അബ്ദുസ്സലാം തുടങ്ങി എച്ച്.എം.സി അംഗങ്ങളും എൻ.എച്ച്.എം ഡി.പി.എം ഡോ. അനൂപ്, സൂപ്രണ്ട് ഡോ. സി.കെ. ബിന്ദു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.