സ്ഥലപരിമിതിക്ക് നടുവിൽ പെരിന്തൽമണ്ണ ഹോമിയോ ഡിസ്പെൻസറി
text_fieldsപെരിന്തൽമണ്ണ: ദിവസവും നൂറിൽപരം രോഗികളെത്തുന്ന പെരിന്തൽമണ്ണ ഹോമിയോ ഡിസ്പെൻസറിയിൽ വേണ്ടത്ര സൗകര്യമില്ലെന്ന് പരാതി.
മനഴി ബസ് സ്റ്റാൻഡിൽ ഹാളും ചെറിയ സ്റ്റോർ മുറിയുമാണുള്ളത്. സ്റ്റാൻഡിന് മുകളിലേക്ക് നഗരസഭ ഓഫിസ് മാറ്റുന്നത് വരെ സാമാന്യം സൗകര്യത്തിൽ മുകളിലായിരുന്ന ഡിസ്പെൻസറി നാലുവർഷം മുമ്പാണ് താഴേക്ക് മാറ്റിയത്.
ഡോക്ടറും ഫാർമസിസ്റ്റും അറ്റൻഡറും കുടുംബശ്രീ സംവിധാനത്തിൽ ലാബുമുണ്ട്. സേവനം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ മൂന്ന് ആശാവർക്കർമാരുടെ സേവനവുമുണ്ട്.
ഇവക്ക് പുറമെ ആയുഷ് പദ്ധതിയിൽ ആയുർവേദ ഡോക്ടറായ യോഗ ട്രെയിനറുടെ സേവനവും ഇവിടെ ലഭിക്കുന്നുണ്ട്. നഗരസഭക്ക് വിട്ടു കിട്ടിയ ഈ സ്ഥാപനം താൽക്കാലിക ഷട്ടർമുറിയിൽനിന്ന് ആശുപത്രി അന്തരീക്ഷത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. സ്ത്രീകളും കുട്ടികളും വയോധികരുമായി 120 മുതൽ 130 വരെ രോഗികൾ എല്ലാ ദിവസവും ഉണ്ട്. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തനം.
അവഗണനയിൽ ആയുർവേദ ആശുപത്രിയും
താലൂക്കിലെ വിവിധ പ്രദേശങ്ങളിൽനിന്ന് രോഗികളെത്തുന്ന പെരിന്തൽമണ്ണ ആയുർവേദ ആശുപത്രിയും അവഗണനയിലാണ്. പ്രധാന കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നൽകി ബോർഡ് വെച്ചിട്ട് വർഷങ്ങളായി. പുതിയ കെട്ടിടം നിർമിക്കാൻ അഞ്ചു കോടിയുടെ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും ഫണ്ടില്ലാതെ നാലു വർഷമായി മുടങ്ങിക്കിടക്കുകയാണ്.
ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയർന്നാൽ നിലവിലെ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഹോമിയോ ആശുപത്രി അവിടേക്ക് മാറ്റാൻ ആലോചിക്കുന്നുണ്ട്.
എന്നാൽ, ആയുർവേദ ആശുപത്രി കെട്ടിടം അനന്തമായി നീളുന്നതിനാൽ നടക്കുന്നില്ല. ആയുഷ് പദ്ധതിയിൽ കേന്ദ്ര സർക്കാർ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നുണ്ട്. ഫണ്ടിന്റെ പരിമിതിയില്ല, വേണ്ടത് ഭൗതിക സൗകര്യങ്ങളാണ്. യോഗ ട്രെയിനർ കൂടിയായ ആയുർവേദ ഡോക്ടർ യോഗ പരിശീലനം നടത്തുന്നത് നഗരസഭയുടെ മിനി കോൺഫറൻസ് ഹാളിലാണ്. ഡിസ്പെൻസറിക്ക് നേരെ മുന്നിൽ റോഡിനു എതിർ വശത്താണ് ബിവറേജസ് മദ്യശാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.