പെരിന്തല്‍മണ്ണ നഗരസഭ പാഴ്വസ്തുക്കൾ നീക്കുന്നു
text_fieldsപെരിന്തല്‍മണ്ണ: വീടുകളിലും കടകളിലും പരിസരപ്രദേശങ്ങളിലുമുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ വാര്‍ഡുകളില്‍നിന്ന് ശേഖരിച്ച് നീക്കം ചെയ്യുന്ന രണ്ടാംഘട്ട പാഴ്വസ്തുശേഖരണത്തിന് നഗരസഭ ഒരുങ്ങുന്നു. ഉപയോഗിക്കാനാവാത്ത ചെരിപ്പ്, തുകല്‍, ബാഗ്, ഇലക്ട്രോണിക് വസ്തുക്കള്‍, തുണികള്‍, കുപ്പികള്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഇതിന് വീട്ടുകാർ നഗരസഭക്ക് തൂക്കം കണക്കാക്കി പണം നൽകണം.
കിലോക്ക് 10 രൂപയാണ് നഗരസഭ കണക്കാക്കിയ ഫീസ്. ഒന്നുമുതല്‍ 17 വരെ വാര്‍ഡുകളില്‍നിന്ന് 16നും 17 മുതല്‍ 34 വരെയുള്ള വാര്‍ഡുകളിലേത് 17നും കടകളില്നിന്നുള്ളവ 23നും ശേഖരിക്കും. കിലോക്ക് 10 രൂപ നിരക്കിൽ ശേഖരണകേന്ദ്രത്തില്‍ ഫീസ് നല്‍കണം.
വീടുകളിലും കടകളിലുമായുള്ള പാഴ്വസ്തുക്കള് നീക്കുന്നതിലൂടെ വൃത്തിയായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ശേഖരണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ പെരിന്തൽമണ്ണ നഗരസഭയില്‍നിന്ന് 24 ടണ്ണിലധികം പാഴ്വസ്തുക്കള് നീക്കം ചെയ്തിരുന്നു.
സാധാരണഗതിയിൽ മാലിന്യനീക്കത്തിന് ഈടാക്കുന്ന യൂസർഫീസ് വാങ്ങി ഇത്തരത്തിൽ എല്ലാവിധ പാഴ്വസ്തുക്കളും നീക്കുന്ന രീതി ചില പഞ്ചായത്തുകളിൽ തുടരുന്നുണ്ട്. ഇവിടങ്ങളിൽ പാഴ്വസ്തുക്കൾ തൂക്കി കണക്കാക്കാതെ സാധാരണ യൂസർ ഫീസ് വാങ്ങിയാണ് നീക്കുന്നത്.
നിശ്ചിത മാസങ്ങളിൽ മാത്രമേ നേരേത്ത അറിയിച്ച് പാഴ്വസ്തുക്കൾ ശേഖരിക്കൂ. പാഴ്വസ്തുക്കൾ തൂക്കി ഭാരം കണക്കാക്കി പണം ഈടാക്കുന്നില്ലെന്ന് സമീപത്തെ ഏലംകുളം, വെട്ടത്തൂർ പഞ്ചായത്ത് അധ്യക്ഷർ പറഞ്ഞു. അതേസമയം, ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം കയറ്റി അയക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക ചെലവുണ്ടെന്നും തദ്ദേശ സ്ഥാപന അധ്യക്ഷർ പറയുന്നു.
നഗരത്തിലെ വനിത വിശ്രമകേന്ദ്രം തുറന്നുപ്രവർത്തിപ്പിക്കും
പെരിന്തൽമണ്ണ: ഒരുകോടി ചെലവിട്ട് നഗരമധ്യത്തില്‍ നഗരസഭ 2020ൽ നിർമിച്ച വനിത വിശ്രമകേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കും. യാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമകേന്ദ്രമെന്ന നിലയിലാണിത് നിർമിച്ചത്. നേരേത്ത തുറന്ന് പ്രവർത്തിപ്പിക്കാൻ നൽകിയെങ്കിലും പ്രവര്‍ത്തനനഷ്ടം മൂലമാണ് മുമ്പ് കരാറെടുത്തയാള്‍ ഉപേക്ഷിച്ചുപോയത്.
സ്ത്രീകളുടെയും പുരുഷന്മാരുടെയും കംഫര്‍ട്ട് സ്റ്റേഷന്, കഫറ്റീരിയ, വനിത വിശ്രമകേന്ദ്രം എന്നിവ ഒരുവര്‍ഷത്തേക്ക് നടത്താന്‍ 26ാം വാര്‍ഡിലെ തേജസ് അയല്‍ക്കൂട്ടാംഗവുമായി കരാറുണ്ടാക്കി. പുതിയ വ്യവസ്ഥ പ്രകാരം യൂസര്‍ ഫീയുടെ 22 ശതമാനമെന്നത് ഒഴിവാക്കി വര്‍ഷം 3,78,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി അടക്കാമെന്ന വ്യവസ്ഥയിലാണ് കരാര്‍ വെക്കുന്നതെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.