പെരിന്തൽമണ്ണ നഗരസഭ പാർപ്പിട സമുച്ചയം; സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞൊഴുകുന്നു
text_fieldsപെരിന്തൽമണ്ണ: ലൈഫ് പാർപ്പിട സമുച്ചയങ്ങൾക്ക് സമീപം നിർമിച്ച സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകിയും ഫ്ലാറ്റുകളിലേക്കുള്ള വഴി മലിന ജലമൊഴുകി ദുർഗന്ധം വമിച്ചും ദുരത്തിലായി ഇവിടത്തെ കുടുംബങ്ങൾ. പെരിന്തൽമണ്ണ എരമിവംഗലം ഒടിയൻചോലയിലാണ് 34 ഫ്ലാറ്റ് സമുച്ചയങ്ങൾ. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ലൈഫ് പാർപ്പിട സമുച്ചയമാണിത്. 400 കുടുംബങ്ങൾക്കുള്ള വസതികളിൽ രണ്ടു വർഷത്തോളമായി 220 കുടുംബങ്ങളുണ്ടിപ്പോൾ. പാർപ്പിടങ്ങൾ കുടുംബങ്ങൾക്ക് പൂർണ ഉടമസ്ഥതയിൽ നൽകിയിട്ടില്ല.
നഗരസഭയുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമാണിത്. കോൺക്രീറ്റ് ചെയ്ത് സ്ലാബിട്ട ടാങ്കുകളിൽ ചിലതാണ് നിറഞ്ഞ് മാലിന്യം വീടുകൾക്ക് സമീപവും വീടുകളിലേക്കുള്ള വഴികളിലൂടെയും ഒഴുകുന്നത്. 12 കുടുംബങ്ങൾക്ക് താമസിക്കാവുന്ന 34 കെട്ടിടങ്ങളുണ്ട്.
ഇവക്ക് ഇടയിലൂടെ റോഡുണ്ടെങ്കിലും ടാങ്കിനായി നിർമിച്ച കുഴി ഒരിടത്ത് മൂടാതെയിട്ടതിനാൽ മാലിന്യം നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നുണ്ട്. മുകൾ ഭാഗങ്ങളിലെ ടാങ്കുകളിൽനിന്ന് നിറഞ്ഞ് താഴേക്ക് ഒഴുകുന്ന ദുർഗന്ധമുള്ള മലിനജലം മണ്ണുമാന്തി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് അതിലേക്ക് കടത്തിവിടുകയാണ്. ഇത് പകർച്ച രോഗ സാധ്യത കൂട്ടുമെന്നും കുടുംബങ്ങൾ പരാതിപ്പെട്ടു.
ടാങ്ക് പൊട്ടി ഒഴുകുന്നതിനാൽ വീട്ടിലേക്ക് വഴി നഷ്ടപ്പെട്ടതായും പരാതിയുണ്ട്. നഗരസഭ ആരോഗ്യ, മരാമത്ത് വിഭാഗങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. പാർപ്പിട സമുച്ചയത്തിലേക്ക് ഇപ്പോഴും കുടിവെള്ള സൗകര്യമെത്തിയിട്ടില്ലെന്നാണ് സ്ത്രീകളുടെ പരാതി.
സമീപത്തെ കിണറ്റിൽനിന്ന് വെള്ളം കോരിയാണ് ഉപയോഗിക്കുന്നത്. കുഴൽകിണർ സൗകര്യമുണ്ടെങ്കിലും അത് കുടിക്കാൻ ഉപയോഗിക്കുന്നില്ല. അതിദരിദ്രരും ഭൂരഹിതരുമായ കുടുംബങ്ങളാണ് ഇവിടെയത്തിയവരിൽ ഏറെയും. ഈ കുടുംബങ്ങളെ എല്ലാനിലക്കും പുനരധിവസിപ്പിക്കുകയാണ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ ലക്ഷ്യമിടുന്നത്.
ഒരു ഗ്രാമപ്രദേശത്ത് ലഭിക്കേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കണമെന്നാണ് മാർഗരേഖയിൽ. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ഇതിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തിയാണ് നഗരസഭ കുടുംബങ്ങളെ ഇതിലേക്ക് മാറ്റിയത്. പിന്നീട് പല ഘട്ടങ്ങളിലായാണ് ബാക്കിയവുള്ളവരെത്തിയത്.
56 കോടി രൂപയാണ് ആകെ ചെലവു കണക്കാക്കിയത്. സാമ്പത്തിക പരാധീനതയിൽ പ്രവർത്തികൾ മുടങ്ങുകയും നീളുകയും ചെയ്തു. പാർപ്പിട സമുച്ചയത്തിലായതിനാൽ അടിസ്ഥാന സൗകര്യങ്ങൾ തങ്ങൾക്ക് ഉറപ്പാക്കണെമന്നാണ് കുടുംബങ്ങളുടെ ആവശ്യം.
കുടുംബങ്ങളോട് അസൗകര്യങ്ങൾ അറിയിച്ചിരുന്നു; 3.95 കോടിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി തയാർ -നഗരസഭ
പെരിന്തൽമണ്ണ: ഒലിങ്കരയിൽ 400 കുടുംബങ്ങൾക്ക് താമസിക്കാൻ നിർമിച്ച പാർപ്പിട സമുച്ചയത്തിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ 3.95 കോടി രൂപയുടെ പദ്ധതി തയാറാക്കിയെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാൽ കരാർവെക്കുമെന്നും നഗരസഭ. സീവേജ് ടാങ്ക് നിർമിക്കാൻ അക്വാ ടെക്നിക് എന്ന കമ്പനി ഡി.പി.ആർ തയാറാക്കിയിട്ടുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ അവിടെയുണ്ടാകുന്ന മലിനജലത്തിന്റെ ട്രീറ്റ്മെന്റുകൾ ഗൗരവമായി തന്നെയാണ് നഗരസഭ കാണുന്നത്. ശുചിത്വ പ്രവർത്തനങ്ങളും പകർച്ച വ്യാധികൾ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും ആവശ്യമായ അടിയന്തര നടപടികൾ നഗരസഭ സ്വീകരിച്ചുകൊണ്ടേയിരിക്കുന്നുണ്ടെന്നും ചെയർമാൻ പി. ഷാജി അറിയിച്ചു.
കഴിഞ്ഞ കൗൺസിലിന്റെ സമയത്താണ് ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. പ്രളയം, കോവിഡ് സാഹചര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി കാരണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
400 കുടുംബങ്ങൾക്ക് വേണ്ട മുഴുവൻ സൗകര്യവും ഒരുക്കുന്ന പ്രവർത്തികൾ നടക്കുന്നതിനിടയിൽ ഗുണഭോക്താക്കളുടെ നിരന്തര ആവശ്യപ്രകാരം മാത്രമാണ് 200 കുടുംബങ്ങൾ ഫ്ലാറ്റിൽ ഉണ്ടാകുന്ന അസൗകര്യങ്ങൾ അറിയിച്ചിട്ടും താമസിക്കുന്നത്. ഗുണഭോക്താക്കൾ താമസം തുടങ്ങിയതിനുശേഷം അവിടെ ഉണ്ടാകുന്ന മലിനജലത്തിന്റെയുൾപ്പെടെയുള്ള വിഷയങ്ങളിൽ നഗരസഭ നിരന്തരം ഇടപെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.