മാലിന്യം കത്തിച്ചതിന് നിർമാണക്കമ്പനിക്ക് 25,000 രൂപ പിഴയിട്ട് പെരിന്തൽമണ്ണ നഗരസഭ
text_fieldsപെരിന്തൽമണ്ണ: കെട്ടിട നിർമാണത്തിനുപയോഗിച്ചതിന്റെ അജൈവ മാലിന്യം കത്തിച്ചതിന് നിർമാണക്കമ്പനിക്ക് പെരിന്തൽമണ്ണ നഗരസഭ 25,000 രൂപ പിഴയിട്ടു. പട്ടാമ്പി റോഡിൽ മാലിന്യം കത്തിച്ചതിന്റെ വിഡിയോ ദൃശ്യം നഗരസഭയുടെ വാട്സ്ആപ് നമ്പറിലേക്ക് അയച്ചുനൽകിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് നിർമാണ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ 25,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകിയത്.
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പുതുതായി നിർമിച്ച ബഹുനില കെട്ടിടത്തിന്റെ കരാർ ഈ കമ്പനിയാണ് ഏറ്റെടുത്തിരുന്നത്. ഇവിടത്തെ മാലിന്യങ്ങളാണ് നിർമാണ കമ്പനി നിയമം പാലിക്കാതെ കത്തിച്ചതായി നഗരസഭ കണ്ടെത്തിയത്. അജൈവ മാലിന്യം കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ കൈമാറിയ വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നൽകാനും തീരുമാനിച്ചു.
തുടർന്നും ഇത്തരം പരിശോധന കർശനമാക്കുമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു. 9747888996 നമ്പറിലാണ് ദൃശ്യങ്ങൾ അയച്ചുനൽകേണ്ടത്. ഇവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.പിഴ തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ ദൃശ്യങ്ങൾ നൽകുന്നവർക്ക് സമ്മാനമായി നൽകുമെന്ന് പെരിന്തൽമണ്ണ നഗരസഭ സെക്രട്ടറി ജി. മിത്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.