പെരിന്തൽമണ്ണ താലൂക്ക് വികസന സമിതി; 'ജില്ല ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കണം'
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിക്ക് മുന്നിൽ റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് താലൂക്ക് വികസന സിമിതിയിൽ ആവശ്യം. ജില്ല ആശുപത്രി മാതൃശിശു വിഭാഗം, ഗർഭിണികളുടെ വാർഡ്, മുഴുവൻ ഒാഫിസും, ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങിവ ആശുപത്രിക്ക് എതിർവശം പുതിയ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാർക്കും നഴ്സിങ് ജീവനക്കാർക്കും ഇടക്കിടെ റോഡ് മുറിച്ചുകടന്നു വേണം ജോലി ചെയ്യാൻ. ഇവിടെ മേൽപാലം പണിയണമെന്നാണ് ഉയർന്നിരുന്ന ആവശ്യം. വേഗ നിയന്ത്രണ സംവിധാനവും റോഡിൽ ഗതാഗതം നിയന്ത്രിക്കാൻ ആശുപത്രിക്ക് മുന്നിൽ പൊലീസ് സാന്നിധ്യവും ഉറപ്പാക്കി അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു.
അങ്ങാടിപ്പുറം റെയിൽവേ പരിസരത്തും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും വേണ്ടത്ര തെരുവുവിളക്കുകളില്ലെന്നും പരിഹരിക്കണമെന്നും യോഗത്തിൽ പരാതിയായി ഉയർന്നു. ഒരുവർഷത്തെ ഇടവേളക്ക് ശേഷം ചേർന്ന താലൂക്ക് വികസന സിമിതിയിൽ പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. പുതിയ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. പെരിന്തൽമണ്ണ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മങ്കട ബ്ലോക്ക് പ്രസിഡൻറ് ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ. ദേവകി ചർച്ചകൾക്ക് നേതൃത്വം നൽകി. യോഗത്തിൽ മങ്കട പഞ്ചാത്ത് പ്രസിഡൻറ് കെ. ഹസ്കർ, എൻ.പി. ഉണ്ണികൃഷ്ണൻ, ഹംസ പാലൂർ, കൃഷ്ണദാസ് ആൽപ്പാറ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.