പെരിന്തൽമണ്ണ താലൂക്ക് വികസന സമിതിയിൽ വീണ്ടും ചോദ്യം എന്ന് തീരും മേലാറ്റൂർ -പുലാമന്തോൾ റോഡ് പണി
text_fieldsപെരിന്തൽമണ്ണ: മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള റോഡ് പണി തീർക്കാൻ പലവട്ടം പറഞ്ഞ സമയപരിധി പാലിക്കാത്തതിനാൽ താലൂക്ക് വികസന സമിതിയിൽ ബന്ധപ്പെട്ട എൻജനീയറുടെയും കരാറുകാരന്റെയും സാന്നിധ്യത്തിൽ ശനിയാഴ്ചയും ചർച്ച. കഴിഞ്ഞ രണ്ടുവർഷമായി ഈ റോഡ് തന്നെയാണ് താലൂക്ക് വികസന സമിതി യോഗത്തിലെ ചർച്ച.
പെരിന്തൽമണ്ണ ടൗണിൽ മുണ്ടത്ത് പാലം പുതുക്കി നിർമിക്കാത്തത് പെരിന്തൽമണ്ണ ടൗണിൽ ഗതാഗതക്കുരുക്കിനിടയാക്കുകയാണ്. തിങ്കളാഴ്ച കോൺക്രീറ്റ് നടത്തുമെന്ന് കരാറുകാരന്റെ പ്രതിനിധി അറിയിച്ചു. ജൂൺ അവസാനത്തോടെ പാലം തുറന്ന് നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടര വർഷം മുമ്പാണ് നിർമാണോദ്ഘാടനം നടത്തിയത്. റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിനെതിരെ പൊതുജനങ്ങളിൽ വലിയ പ്രതിഷേധമായപ്പോൾ നജീബ് കാന്തപുരം എം.എൽ.എ രണ്ടു തവണ സമരപ്രഖ്യാപനം നടത്തിയെങ്കിലും സമരം നടത്തിയില്ല.
നെന്മിനിയിൽ പട്ടികജാതി വിദ്യാർഥികൾക്ക് ഹോസ്റ്റൽ നിർമാണം പുനരാരംഭിക്കാൻ ധാരണയായിട്ടും പ്രവർത്തി പുനരാരംഭിക്കാത്തതിനെതിരെ നടപടി വേണമെന്നാവശ്യം. ശനിയാഴ്ച ചേർന്ന താലൂക്ക് വികസന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്തു. പഴയ കരാറുകാരനെ വെച്ച് തന്നെ പൂർത്തിയാക്കിക്കാൻ രണ്ടുമാസം മുമ്പ് ധാരണയായിരുന്നു. എന്നാൽ ഇപ്പോഴും പണി തുടങ്ങിയിട്ടില്ല. പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും വകുപ്പു തലത്തിൽ നടപടി വേണമെന്നുമാണ് ആവശ്യം.
ലഹരി വ്യാപനം തടയാൻ സ്കൂൾ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം നടത്തും
പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം തടയാനും നിയന്ത്രിക്കാനും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂൾ പ്രതിനിധികളുടെ യോഗം വിളിക്കാൻ താലൂക്ക് വികസന സമിതിയിൽ തീരുമാനിച്ചു. സ്കൂൾ തുറക്കുന്നതിന് മുമ്പായി എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗത്തിൽ ചോദ്യമുയർന്നു. സർക്കാർ ഓഫിസുകളിൽ പഞ്ചിങ് സിസ്റ്റം നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചിങ് നടപ്പാക്കണമെന്നത് സർക്കാർ നിർദേശമാണ്. താലൂക്ക് ഓഫിസിൽ നടപ്പാക്കിയിട്ടുണ്ടെങ്കിലും മിനി സിവിൽ സ്റ്റേഷനിലെ മറ്റു ഓഫിസുകളിൽ നടപ്പാക്കിയിട്ടില്ല. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തിൽ താൽപ്പര്യം കാണിക്കേണ്ടത്. താലൂക്ക് തലത്തിൽ മന്ത്രിമാരുടെ പങ്കാളിത്തത്തിൽ നടത്തിയ അദാലത്തിൽ ഉയർന്ന പരാതികൾ രണ്ടാഴ്ചക്കകം പരിഹരിക്കാൻ നിർദേശം നൽകിയതായി തഹസിൽദാർ അറിയിച്ചു.
പി.എം.എ.വൈ പദ്ധതിയിൽ നിർമിക്കുന്ന വേങ്ങൂർ - കാഞ്ഞിരക്കടവ് റോഡ് പ്രവൃത്തിയിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ ബന്ധപ്പെട്ടവരുടെ റിപ്പോർട്ട് യോഗത്തിൽ വായിച്ചു. അഴിമതിയില്ലെന്നും അപാകത പരിഹരിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മുസ്തഫ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ കരീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.പി. ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ് ആൽപ്പാറ, തഹസിൽദാർ പി.എം. മായ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.