ടൗൺഹാൾ നിർമാണം പൂർത്തിയാക്കിയാൽ കരാർ തുക തീർത്ത് നൽകാമെന്ന് നഗരസഭ
text_fieldsപെരിന്തൽമണ്ണ: നഗരസഭയുടെ ആധുനിക ടൗൺഹാൾ നിർമാണം രണ്ടുവർഷമായി പാതിവഴിയിൽ നിൽക്കുമ്പോഴും നിർമാണം പൂർത്തിയാക്കിയാൽ കരാർ തുക തീർത്ത് നൽകാമെന്ന് കരാർ ഏജൻസിയെ നഗരസഭ അറിയിച്ചു. അക്രഡിറ്റഡ് ഏജൻസിയായ എഫ്.ആർ.ബി.എല്ലിനെയാണ് ഇതിന്‍റെ നിർമാണം ഏൽപിച്ചത്. അഞ്ചു കോടി രൂപ അടങ്കൽ കണക്കാക്കിയ ഒന്നാംഘട്ടത്തിൽ കെട്ടിട നിർമാണത്തിനുള്ള 2.19 കോടി മാത്രമാണ് മുൻകൂറായി നൽകിയത്.
4.04 കോടി ചെലവിട്ട് ഇതിനകം രണ്ടു നില കെട്ടിടത്തിന്‍റെ പ്രാഥമിക രൂപമാക്കി. 1,85,27,662 രൂപ കൂടി ലഭിക്കാനുള്ളതിന് നഗരസഭക്ക് കത്ത് നൽകിയപ്പോഴാണ് നിർമാണം പൂർത്തിയാക്കിയാൽ പണം തീർത്ത് നൽകാമെന്ന് നഗരസഭ അറിയിച്ചത്.
തുക നൽകാത്ത പക്ഷം കത്ത് ക്ലോഷർ ഒാഫ് കോൺക്രീറ്റ് നോട്ടീസ് ആയി കണക്കാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കരാർ വെച്ച ശേഷം അസംസ്കൃത വസ്തുക്കൾക്ക് വന്ന വിലക്കയറ്റം കാരണം പൊതുമരാമത്ത് നിരക്ക് സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, കരാർ വെക്കുമ്പോഴുള്ള നിരക്കിന് പ്രവൃത്തി പൂർത്തിയാക്കാൻ പ്രവൃത്തി ഏറ്റെടുത്തവർ ബാധ്യസ്ഥരാണ്.
നിർമാണം ഏറ്റെടുത്ത ഏജൻസിയും നഗരസഭയും പലവട്ടം ഇക്കാര്യങ്ങൾ നേരിൽ ചർച്ച നടത്തിയിട്ടുണ്ട്. പുതിയ നിരക്കിൽ എസ്റ്റിമേറ്റ് മാറ്റം വരുത്തിയാൽ വലിയ അധിക ബാധ്യതയാവും നഗരസഭക്ക് വരുക. അതേസമയം, പദ്ധതി വിഹിതമല്ലാതെ മറ്റു സാമ്പത്തിക ഉറവിടങ്ങൾ കാണാതെ ഇതടക്കം നഗരസഭ നേരത്തേ തുടങ്ങിവെച്ച പല പദ്ധതികളും പൂർത്തിയാക്കാനാവാതെ കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.