ഫിനോമിനൽ ഗ്രൂപ് നിക്ഷേപ തട്ടിപ്പ്: സംസ്ഥാനത്താകെയുള്ളത് 112 കേസുകൾ
text_fieldsപെരിന്തൽമണ്ണ: നിക്ഷേപ തട്ടിപ്പ് കേസിൽ ഫിനോമിനൽ ഗ്രൂപ് ചെയർമാൻ നേപ്പാൾ സ്വദേശി എൻ.കെ. സിങ്ങിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. വിയ്യൂർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഇയാളെ പെരിന്തൽമണ്ണയിലെ 33 കേസുകളിലേക്കായാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ നൽകി.
ചാലക്കുടിയിൽ 29, മഞ്ചേരിയിൽ മൂന്ന്, പെരിന്തൽമണ്ണയിൽ 33, തൃശൂരിൽ 16 തുടങ്ങിയവയുൾപ്പെടെ സംസ്ഥാനത്ത് 112 കേസുകളാണ് നിലവിലുള്ളതെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. പ്രതിയെ പെരിന്തൽമണ്ണയിൽ കമ്പനി ഓഫിസ് പ്രവർത്തിച്ചിരുന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പെരിന്തൽമണ്ണയിൽ മുമ്പ് ഒാഫിസ് പ്രവർത്തിച്ചിരുന്നു. അതിൽ വൻതുക നിക്ഷേപിച്ച സ്ത്രീകളടക്കമുള്ളവർ തിങ്കളാഴ്ച സിങ്ങിനെ കാണാൻ കോടതിയിലും പരിസരത്തുമെത്തി.
ഫിനോമിനൽ ഹെൽത്ത് ആൻഡ് വെൽത്ത് ഇൻഷുറൻസ് പ്രോഗ്രാം എന്ന പേരിലാണ് നിക്ഷേപകരെ പരിചയപ്പെടുത്തിയിരുന്നത്. നിക്ഷേപിക്കുന്ന തുക ഒമ്പതുവർഷം കൊണ്ട് ഇരട്ടിയായി തിരിച്ചുനൽകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. പ്രമുഖ ആശുപത്രികളിൽ ചികിത്സ സൗകര്യവും ഉറപ്പ് നൽകിയിരുന്നെന്ന് പണം നിക്ഷേപിച്ചവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.