കടകളിൽ സാധനങ്ങൾക്ക്വിവാഹ ക്ഷണക്കത്ത്: ഉത്തരവിനെതിരെ എതിർപ്പ്
text_fieldsപെരിന്തൽമണ്ണ: കോവിഡ് ട്രിപ്ൾ ലോക്ഡൗണിന് ശേഷമുള്ള ഇളവിൽ തുറന്നു പ്രവർത്തിക്കുന്ന ടെക്സ്റ്റയിൽസ്, ഫൂട്ട് വെയർ, ജ്വല്ലറി എന്നിവയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ കൈവശം കല്ല്യാണ ക്ഷണക്കത്ത് കരുതണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ എതിർപ്പ്. കടകൾ വ്യത്യസ്തമായ മൂന്നു ദിവസങ്ങളിൽ തുറക്കാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിറകെ വന്ന ഉത്തരവ് വ്യാപാരികളുടെ പ്രതിസന്ധി സങ്കീർണമാക്കി. തീരുമാനം അപ്രായോഗികമാണെന്നും പുതുതായി തുറന്ന സ്ഥാപനങ്ങളിൽ ചെരിപ്പിനും വസ്ത്രങ്ങൾക്കും വരുന്നവർ വിവാഹാവശ്യത്തേക്കാൾ നിർബന്ധാവസ്ഥയിൽ വരുന്നവരാണെന്നും വ്യാപാരികൾ സർക്കാറിനെ അറിയിച്ചു.
20 പേരിലേറെ പേർ വിവാഹ സൽക്കാരത്തിൽ പെങ്കടുക്കാൻ പാടില്ലെന്ന് പറയുന്നതിനാൽ കടകളിലെത്തുന്ന മിക്കവരും വിവാഹക്കുറിപോലും അടിക്കാത്തവരാണ്.
കോവിഡ് രോഗഭീതി സർക്കാറിന് മാത്രമല്ലെന്നതിനാൽ നിലവിലെ പ്രോട്ടോകോൾ പ്രകാരമാണ് മൂന്നു ദിവസം കടകൾ തുറക്കുക. അതിനിടയിൽ വീണ്ടും കല്യാണക്കുറിയുടെ പേരിൽ നിയന്ത്രണമേർപ്പെടുത്തുന്നത് ദ്രോഹബുദ്ധിയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ചെറുകിട വ്യാപാരികളുടെ വിഷയം സർക്കാർ കേൾക്കുന്നത് ഓൺലൈൻകുത്തക മുതലാളിമാരിൽ നിന്നാണെന്നും അതുകൊണ്ടാണ് യഥാർഥ പ്രശ്നം അറിയാതെ പോവുന്നതെന്നും പരാതിയുണ്ട്.
'നിബന്ധന കൈകാലുകൾ ബന്ധിച്ച്
നീന്താൻ പറയുന്നത് പോലെ'
പെരിന്തൽമണ്ണ: കൈകാലുകൾ ബന്ധിപ്പിച്ച് നീന്താൻ പറയുന്നതിന് തുല്യമാണ് മൂന്നു ദിവസം കടകൾ തുറക്കാൻ അനുമതി നൽകി വിവാഹ ക്ഷണക്കത്ത് നിബന്ധന വെക്കുന്നതെന്ന് വ്യാപാരി സംഘടനകളുടെ സംയുക്ത യോഗം ഒാർമിപ്പിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ.ആർ.എഫ് എ) ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേയ്സ് വെൽെഫയർ അസോസിയേഷൻ (കെ.ടി.ജി.ഡി) ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു. 2018 മുതൽ വിവിധ കാരണങ്ങളാൽ ദുരിതമനുഭവിക്കുന്ന വ്യാപാരി സമൂഹത്തെ ദ്രോഹിക്കുന്നതാണ് ഇത്തരം ഉത്തരവുകളും തീരുമാനങ്ങളും. ഓൺലൈനിൽ ചേർന്ന സംയുക്ത യോഗത്തിൽ ടെക്സ്റ്റയിൽ ആൻഡ് ഗാർമെൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ചമയം ബാപ്പു അധ്യക്ഷത വഹിച്ചു.
ഫൂട്ട് വെയർ അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.എൻ. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി എം.പി. നാസർ,
ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് അബ്ദുറഹിമാൻ ഹാജി, ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെൻറ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി ശാദി മുസ്തഫ, ട്രഷറർ കലാം, ഫൂട്ട് വെയർ അസോസിയേഷൻ ട്രഷറർ മുസ്തഫ മാളിക്കുന്ന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.