പെരിന്തൽമണ്ണ നഗരസഭ യോഗം യാത്ര പ്രശ്നം ചർച്ച ചെയ്തില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsപെരിന്തൽമണ്ണ: യാത്രക്കാരെ പ്രയാസപ്പെടുത്തുന്ന പെരിന്തൽമണ്ണയിലെ ഗതാഗത പരിഷ്കരണം സംബന്ധിച്ച് ബദൽ നിർദേശങ്ങളോടും ജനകീയ സമരങ്ങളോടും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം നിരാകരിച്ച് നഗരസഭ. സർവകക്ഷി യോഗം വിളിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് നിവേദനങ്ങളും ബദൽ നിർദേശങ്ങളുമായി എത്തിയ സംഘടനകളോട് മുഴുവൻ ചെയർമാൻ പി. ഷാജി ഉറപ്പ് നൽകിയിരുന്നതാണെന്നും ഇക്കാര്യം സംബന്ധിച്ച് ചെയർമാൻ കൗൺസിൽ യോഗത്തിൽ വിശദീകരിക്കണമെന്നും മുസ്ലിം ലീഗ് അംഗമാണ് ആവശ്യപ്പെട്ടത്. വിഷയം കോടതിയിലെത്തിയതിനാൽ ഇനി അവിടെ നിന്ന് തീരുമാനം വരട്ടെയെന്ന് ചെയർമാൻ പറഞ്ഞെങ്കിലും നഗരസഭ, പരാതികൾ കേൾക്കാനും ഇടപെടാനും തയാറാവാത്തതിനാലാണ് ജനങ്ങൾ കോടതിയെ സമീപിച്ചതെന്നും അതിന് മുമ്പും വിഷയത്തിലിടപെടാൻ തയാറായില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
നവംബറിൽ വിദ്യാലയങ്ങൾ തുറക്കുന്നതോടെ സ്ഥിതി രൂക്ഷമാവുമെന്നും വിദ്യാർഥികളടക്കം തെരുവിലിറങ്ങി നഗരം സ്തംഭിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. കോടതിയിൽ എത്തിയ വിഷയമായതിനാൽ ഇനി ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നും ഇക്കാര്യത്തിൽ വ്യാപാരികൾ ഉന്നയിക്കുന്ന പരാതികൾ പരിഗണിക്കേണ്ടതില്ലെന്നും സ്ഥിരംസമിതി അധ്യക്ഷൻ കെ.ഉണ്ണികൃഷ്ണനും പറഞ്ഞു. പ്രതിഷേധ സൂചന നൽകി അംഗങ്ങൾ ഇറങ്ങിപ്പോയി.
പ്ലസ് ടു വിദ്യാർഥികൾക്ക് മതിയായ സീറ്റില്ലാതെ ജില്ലയിൽ 25,000 വിദ്യാർഥികൾ അലയുന്ന സ്ഥിതിയുണ്ടെന്നും സീറ്റ് കൂട്ടാൻ സർക്കാറിലേക്ക് ആവശ്യപ്പെടണമെന്നും പ്രതിപക്ഷ അംഗം അടിയന്തര പ്രമേയം വായിച്ചെങ്കിലും ഇക്കാര്യം രാഷ്ട്രീയ പ്രേരിതമാണെന്നതിനാൽ നഗരസഭയുടെ ആവശ്യമായി ഉന്നയിക്കാനാവില്ലെന്ന് പറഞ്ഞ് തള്ളി. പഠിക്കാൻ അവസരം മുടങ്ങിയതിൽ മുസ്ലിം ലീഗുകാരും സി.പി.എമ്മുകാരുമുണ്ടെന്നിരിക്കെ ഇത് രാഷ്ട്രീയകാര്യമാവുന്നതെങ്ങനെയെന്ന് ചോദിച്ചെങ്കിലും വിഷയം പൊതു ആവശ്യമായി അംഗീകരിക്കാൻ കൂട്ടാക്കിയില്ല.
ഒറ്റ മിനിറ്റുകൊണ്ടു തീർത്തത് 25 അജണ്ടകൾ
പെരിന്തൽമണ്ണ: ഗതാഗത പ്രശ്നം ചർച്ച ചെയ്യാൻ തയാറാവാത്തതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയ നഗരസഭ യോഗത്തിൽ ഒറ്റ മിനിറ്റിനകം തീർത്തത് 25 അജണ്ടകൾ. അജണ്ടകൾ വായിച്ച് ചർച്ച ചെയ്താണ് തീരുമാനങ്ങളെടുക്കാറെന്നിരിക്കെ നഗരസഭ ചെയർമാൻ പി. ഷാജി അജണ്ടകളുടെ നമ്പറുകൾ ഒന്നിനു പിറകെ ഒന്നായി വായിച്ചാണ് ഒറ്റയടിക്ക് തീർത്തത്. കൗൺസിൽ തുടങ്ങും മുമ്പ് അജണ്ടയിൽ ഇല്ലെങ്കിലും യാത്രാ പ്രശ്നം കൗൺസിലിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. 34 പേരിൽ 20 അംഗങ്ങൾ അപ്പോഴും യോഗത്തിലുണ്ടായിട്ടും അജണ്ടകൾ ചർച്ച ചെയ്യാൻ ചെയർമാൻ കൂട്ടാക്കിയില്ല.
ഇറങ്ങിപ്പോയവർ ഒരു മിനിറ്റിന് ശേഷം തിരിച്ചെത്തിയപ്പോൾ 26ാം അജണ്ടയിലെത്തിയിരുന്നു. അതോടെ മുഴുവൻ അജണ്ടകൾക്കും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നതായി അറിയിച്ച് പ്രതിപക്ഷ അംഗങ്ങൾ വീണ്ടും ഇറങ്ങിപ്പോയി. ശേഷം നഗരസഭയുടെ പിടിപ്പുകേടുകളും ജനവിരുദ്ധതയും ചൂണ്ടിക്കാട്ടി ഒാഫിസ് കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കൗൺസിലിൽ വെച്ച 38 അജണ്ടകളും ഒമ്പത് സപ്ലിമെൻററി അജണ്ടകളും അപ്പോൾ എഴുതി തയാറാക്കിയ ഒരജണ്ടയുമടക്കം 48 അജണ്ട മുഴുവൻ വായിക്കുക പോലും ചെയ്യാതെ തീർത്തത് മിനിറ്റുകൾ കൊണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.