പേവിഷ ബാധ: എല്ലാ ജില്ല ജനറൽ ആശുപത്രികളിലും കുത്തിവെപ്പ്
text_fieldsപെരിന്തൽമണ്ണ: തെരുവുനായ് ആക്രമണം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് മുഴുവൻ ഗവ. മെഡിക്കൽ കോളജുകളിലും ജില്ല, ജനറൽ ആശുപത്രികളിലും ഉറപ്പാക്കിയ ഇമ്യൂണോ ഗ്ലോബിൻ സിറം (ഇ.ആർ.ജി.ഐ) കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ വരെ ഈ സൗകര്യം ഏർപ്പെടുത്താൻ ഇപ്പോൾ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴുത്തിനു മുകളിൽ കടിയേറ്റാൽ മുറിവിൽ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ നൽകുന്ന കുത്തിവെപ്പാണിത്. കുത്തിവെപ്പ് നൽകുമ്പോൾ ഡോക്ടർമാർ വേണമെന്നതിനാൽ ഡോക്ടർമാരുടെ താൽപര്യക്കുറവാണ് മരുന്ന് ആവശ്യത്തിന് ലഭിച്ചിട്ടും പെരിന്തൽമണ്ണയിൽ കുത്തിവെപ്പ് നൽകാത്തതെന്ന് പരാതിയുണ്ട്. അതേസമയം സംസ്ഥാനത്ത് മുഴുവൻ ജില്ല, ജനറൽ ആശുപത്രികളിലും നൽകുന്ന സേവനം പെരിന്തൽമണ്ണയിൽ നൽകാത്തതിനെതിരെ പ്രതിഷേധമുണ്ട്.
ഇതോടൊപ്പം തൊലിപ്പുറത്തുള്ള നായ്ക്കളുടെ മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവക്കുള്ള ഐ.ഡി.ആർ.വി കുത്തിവെപ്പ് മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പാക്കി ആശുപത്രികളുടെ പട്ടിക ഇറക്കിയപ്പോളും പെരിന്തൽമണ്ണ ജില്ല ആശുപത്രിയുടെ പേരില്ല.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും വരെ ഇത് ലഭ്യമാക്കി. ഇമ്യൂണോ ഗ്ലോബിൻ നൽകേണ്ട ആശുപത്രികളുെട കൂട്ടത്തിൽ വരേണ്ട ജില്ല ആശുപത്രിയുടെ പേര് സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ കൂട്ടത്തിൽ വരുന്നതിലെ നാണക്കേടു കൊണ്ടാവാം ഈ കുത്തിവെപ്പ് നൽകുന്നുണ്ടെങ്കിലും പട്ടികയിൽനിന്ന് പേര് ഒഴിവാക്കി പ്രസിദ്ധീകരിച്ചത്. അതേസമയം വ്യാഴാഴ്ച ജില്ല പഞ്ചായത്ത് പ്രസിഡന്റിെന്റ അധ്യക്ഷതയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചിട്ടുണ്ടെങ്കിലും അജണ്ടകളിൽ പൊതുജനങ്ങളെ രൂക്ഷമായി ബാധിക്കുന്ന ഇക്കാര്യങ്ങളില്ല. പെരിന്തൽമണ്ണ ജില്ല ആശുപത്രിയോട് ആരോഗ്യ വകുപ്പും മന്ത്രിയും തുടരുന്ന അവഗണനയാണ് കാരണം. സ്ഥിതി മന്ത്രി വീണാ ജോർജിന്റെ ശ്രദ്ധയിൽ പലവട്ടം പെടുത്തിയിട്ടും പരിഹാരവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.