വലമ്പൂർ-പൂപ്പലം മേൽപാലത്തിന് റെയിൽവേ അനുകൂലം
text_fieldsപെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമാകുന്ന പൂപ്പലം-വലമ്പൂർ റെയിൽവേ മിനി മേൽപാലത്തിന് ദക്ഷിണ റെയിൽവേയുടെ അനുമതി. ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയിലെ അങ്ങാടിപ്പുറം, പട്ടിക്കാട് സ്റ്റേഷനുകൾക്ക് ഇടയിൽ താഴെ പൂപ്പലം ഭാഗത്താണ് മേൽപാലത്തിന് റെയിൽവേ പച്ചക്കൊടി കാട്ടിയത്. നിലവിൽ പൂപ്പലം റെയിൽവേ പാതവരെ റോഡുണ്ട്.
ഒരുഭാഗം ഉയർന്ന പ്രദേശം ആയതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കാതെ കുറഞ്ഞ ചെലവിൽ പാലം പണിയാമെന്നതാണ് ഏറെ സൗകര്യം. പെരിന്തൽമണ്ണ-ആനക്കയം സംസ്ഥാന പാതയെ മങ്കടയിൽ നിന്ന് തുടങ്ങി പുളിക്കലപറമ്പ് വഴി വലമ്പൂരിലെത്തുന്ന പാത 6.5 കി.മീ ദൂരമാണ്.
പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയോട് ചേർന്ന് നൂറു മീറ്റർ സമീപത്താണ് റെയിൽവേ ലൈൻ. ഇവിടെയും റെയിൽവേ ലൈൻ വരെ റോഡ് ചെന്നുമുട്ടുന്നുണ്ട്. മഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽ പെടാതെ പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട്, തൃശൂർ ഭാഗങ്ങളിലേക്കും തിരിച്ചും പോകാം. പ്രദേശവാസികൾക്ക് അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിൽപ്പെടാതെ 10 മിനിറ്റിനകം പെരിന്തൽമണ്ണയിലെത്താനും മേൽപാലം വന്നാൽ ഉപകരിക്കും.
ജനുവരി 12ന് മഞ്ചേരി പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ച് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. പരിശോധന നടത്താൻ അനുമതിക്കായി സർക്കാറിലേക്ക് കത്തും നൽകി.
ഫെബ്രുവരി 14ന് നാട്ടുകാർ മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനവും നൽകിയിരുന്നു. തുടർന്ന് പാലക്കാട് ദക്ഷിണ റെയിൽവേ ഡിവിഷൻ എൻജിനീയർ സ്ഥലം സന്ദർശിച്ച് അനുകൂല റിപ്പോർട്ട് നൽകി. മേൽപാലം നിർമാണം റെയിൽവേക്ക് വ്യവസ്ഥകളിലൂടെ ഏറ്റെടുക്കാവുന്നതാണെന്ന് പാലക്കാട് ഡിവിഷൻ ഓഫിസിന്റെ വിലയിരുത്തൽ.
പദ്ധതി തയാറാക്കി സംസ്ഥാന സർക്കാറോ തദ്ദേശ സ്ഥാപനമോ ഫണ്ട് വകയിരുത്തണം. നവ കേരള സദസ്സിൽ നാട്ടുകാർ പദ്ധതിയുടെ സാധ്യത ചൂണ്ടിക്കാട്ടി അപേക്ഷ നൽകിയിരുന്നു. അതേസമയം ഓരാടംപാലം മുതൽ മാനത്തുമംഗലം വരെയുള്ള നിർദ്ദിഷ്ട ബൈപാസ് 2010 ൽ അനുമതി ലഭിച്ചതാണ്.
വലമ്പൂർ ഏഴുകണ്ണിപ്പാലത്തിന് മുകളിലാണ് ഇതിൽ മേൽപാലം നിർദ്ദേശിച്ചത്. നേരത്തെ സർക്കാർ പത്തുകോടി രൂപ ഇതിന് അനുവദിക്കുകയും ചെയ്തതാണ്. ഓരാടംപാലത്തിൽനിന്നാണ് ബൈപാസ് തുടങ്ങുന്നതെങ്കിൽ ദേശീയപാതയിലെ വാഹനങ്ങൾക്ക് നേരിട്ട് ബൈപാസിൽ പ്രവേശിക്കാം.
ദേശീയപാതയിൽ കുരുക്കഴിക്കാൻ വഴിതുറക്കും
പെരിന്തൽമണ്ണ: വലമ്പൂർ പൂപ്പലം ഓവർബ്രിഡ്ജ് വരുന്നതോടെ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവും. മഞ്ചേരിയിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് വരുന്ന യാത്രികർക്ക് മങ്കടയിൽ മിനി ബൈപ്പാസിൽ പ്രവേശിച്ച് പൂപ്പലത്ത് നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിലെത്താം. വലമ്പൂർ വികസന സമിതിയെന്ന പേരിൽ ജനകീയ കൂട്ടായ്മ പലപ്പോഴായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിക്ക് സ്വീകാര്യതയും റെയിൽവേയുടെ അനുമതിയും ലഭിച്ചത്. റെയിൽവേ ലൈൻ രണ്ടായി മുറിക്കുന്ന വലമ്പൂർ മേഖലയുടെ പ്രാദേശിക വികസനത്തിനും മേൽപാലം ഗുണം ചെയ്യും. ഇവിടത്തുകാർക്ക് അങ്ങാടിപ്പുറത്തോ പെരിന്തൽമണ്ണയിലോ വാഹനവുമായി എത്താൻ ഏറെ ചുറ്റി വളയേണ്ട സ്ഥിതിയാണ്. റെയിൽവേ പച്ചക്കൊടി നാട്ടിയതോടെ വലമ്പൂർ-പൂപ്പലം റെയിൽവേ മേൽപാലത്തിന് വേണ്ടത് ഫണ്ടും പദ്ധതിയുമാണ്.
സതേൺ റെയിൽവേ പാലക്കാട് ഡിവിഷനാണ് പദ്ധതിക്ക് അനുമതി നൽകിയത്. മേൽപാലങ്ങളുടെ നിർമാണം റെയിൽവേക്ക് ഡെപ്പോസിറ്റ് വ്യവസ്ഥയിലൂടെ ഏറ്റെടുക്കാമെന്ന് അനുമതി പത്രത്തിലുണ്ട്. റെയിൽവേയിൽ നിന്നുള്ള അംഗീകാരം ലഭിക്കുകമാത്രമാണ് ഇപ്പോഴുണ്ടായത്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ച് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ടു ഭാഗവും എട്ടു മീറ്റർ വീതിയുള്ള റോഡ് വന്നു നിൽക്കുന്നുണ്ട്. ഇതിൽ വലമ്പൂർ ഭാഗത്ത് പൂപ്പലത്ത് റെയിൽവേ ലൈനിനോട് ചേർന്ന് വന്നു നിൽക്കുന്ന ഭാഗം മേൽപാലത്തിനു വേണ്ട ഉയരമുണ്ട്. ഇത് ഏറെ അനുകൂല ഘടകമാണ്. റെയിൽവേയുടെ അനുമതി പത്രം മരാമത്ത് വകുപ്പിനും സംസ്ഥാന ഗതാഗത വകുപ്പിനും നൽകി. അനുമതി നൽകുന്നതോടൊപ്പം പദ്ധതി പൂർത്തിയാക്കാൻ ഫണ്ടിന്റെ സാധ്യതയും തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.