രാമഞ്ചാടി കുടിവെള്ള പദ്ധതി പൂർത്തിയാകാൻ കാത്തിരിപ്പ് നീളുന്നു
text_fieldsപെരിന്തൽമണ്ണ: 2020ൽ പ്രാഥമിക പ്രവർത്തനം തുടങ്ങിയ 92 കോടി രൂപയുടെ രാമഞ്ചാടി ശുദ്ധജല വിതരണം പദ്ധതിക്ക് ഇപ്പോഴും കാത്തിരിപ്പ്. പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, അങ്ങാടിപ്പുറം, ആലിപ്പറമ്പ് പഞ്ചായത്തിൽ ഭാഗികമായ പ്രദേശം എന്നിവിടങ്ങളിൽ ശുദ്ധജലമെത്തിക്കുന്നതാണ് രാമഞ്ചാടി കുടിവെള്ള പദ്ധതി.
2020ൽ തുടക്കത്തിൽ പ്രവൃത്തി ഉദ്ഘാടനം നടത്തിയതാണിത്. ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കി കൈമാറാനാവുമെന്നാണ് കരുതിയിരുന്നത്. പദ്ധതിക്ക് അനുമതിയായ ശേഷം ഓരോ വേനലിനു മുമ്പും പദ്ധതി സമർപ്പിക്കുന്നത് കാത്തിരിക്കുകയാണ് ഈ പ്രദേശങ്ങളിലുള്ളവർ.
പെരിന്തൽമണ്ണ പട്ടണത്തിനു വേണ്ടി 40 വർഷം മുമ്പ് നിർമിച്ച കട്ടുപ്പാറ പദ്ധതിയുടെ കാലപ്പഴക്കവും പ്രതിദിന ജലലഭ്യത കുറവും പരിഹരിക്കാൻ 2016ൽ നഗരസഭ മുൻകൈ എടുത്താണ് പ്രത്യേകം തയാറാക്കിയ സമഗ്ര കുടിവെള്ള പദ്ധതിക്ക് അന്നത്തെ ചെയർമാൻ മുഹമ്മദ് സലീം അനുമതി വാങ്ങിയത്.
തൂതപ്പുഴ രാമഞ്ചാടി കടവിൽ ജലസ്രോതസ്സ് സ്ഥാപിച്ച് ചേലാമലയിലെ അലീഗഢ് കാമ്പസ് സ്ഥിതി ചെയ്യുന്നിടത്ത് സംഭരണ ടാങ്ക് സ്ഥാപിച്ച്, ശുദ്ധീകരിച്ച് പെരിന്തൽമണ്ണ നഗരത്തിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നതാണിത്. പിന്നീട് പദ്ധതിക്ക് വേണ്ടത്ര തുടർച്ചയുണ്ടായില്ല.
പ്രതിദിനം 10 എം.എൽ.ഡി വിതരണ ശേഷിയോടെ വരുന്ന 50 വർഷത്തെ ആവശ്യം മുമ്പിൽ കണ്ട് തയാറാക്കിയ പദ്ധതിയാണിത്. നഗരത്തിലെ കാലപ്പഴക്കം ചെന്ന മുഴുവൻ ജലവിതരണ പമ്പിങ് ലൈനുകളും മാറ്റി അത്യാധുനിക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ എല്ലാദിവസവും നഗരത്തിൽ വെള്ളം വിതരണം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.
90 ശതമാനം പ്രവൃത്തിയും പൂർത്തിയായെന്ന് രണ്ടുവർഷം മുമ്പ് ജല അതോറിറ്റി അറിയിച്ചതാണ്. അതിനുശേഷം രാമഞ്ചാടിയിലേക്ക് ഉയർന്ന ശേഷിയിൽ വൈദ്യുതി എത്തിക്കുന്ന ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ബാക്കിയുണ്ടായിരുന്നത്. ഇതിന് ഫണ്ടും അനുമതിയും കിട്ടാതെയാണ് പിന്നെയും നീണ്ടുപോയത്. അലീഗഢിൽ ഒരേക്കർ ഭൂമി പദ്ധതിക്കായി വിട്ടു നൽകിയിട്ടുണ്ട്. പദ്ധതി നിർമാണം തുടങ്ങിയ ശേഷം പ്രൊജക്ട് വിഭാഗം ഉദ്യോഗസ്ഥരും മാറി. പദ്ധതിയിൽ വെള്ളം കാത്തിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ വേണ്ടത്ര താൽപര്യമെടുക്കാതെയാണ് അനന്തമായി നീണ്ടുപോയത്.
പദ്ധതി ജനുവരിയിൽ പൂർത്തിയാക്കും
പെരിന്തൽമണ്ണ: നഗരസഭയിൽ സംസ്ഥാന സർക്കാറിന്റെ കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്ന രാമഞ്ചാടി കുടിവെള്ള പദ്ധതിയുടെ അവസാനഘട്ട പ്രവൃത്തികൾ വിലയിരുത്തി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.
നിലവിൽ കൂടുതൽ പ്രവൃത്തി പൂർത്തിയാക്കാനുള്ള കെ.എസ്. ഇ.ബിയുടെ ലൈൻ എക്സ്റ്റൻഷൻ, ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾ, പ്ലാന്റിന്റെ അവസാനഘട്ട പ്രവൃത്തികൾ എന്നിവ ഡിസംബറോടെ പൂർത്തിയാക്കും. നവംബറിൽ ചേരുന്ന അവലോകന യോഗത്തിൽ ജനുവരി മാസത്തിൽ ട്രയൽ റൺ നടത്തുന്ന കാര്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യും. ട്രയൽ റൺ നടത്തി ആവശ്യമായ പരിശോധനകൾക്ക് ശേഷം ദ്രുതഗതിയിൽ രാമൻചാടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
യോഗത്തിൽ നഗരസഭ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, നഗരസഭ സെക്രട്ടറി മിത്രൻ, മുനിസിപ്പൽ എൻജിനീയർ കെ. നിഷാന്ത്, വാട്ടർ അതോറിറ്റി എ.ഇ, കെ.എസ്.ഇ.ബി ഇ.ഇ, നാഷനൽ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് കെ.എസ്.ടി.പി അധികൃതർ, കരാറുകാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.