ഭൂഉടമകളില്ലാതെ തരംമാറ്റൽ അദാലത്ത്; തീർപ്പായ അപേക്ഷകൾ 2500
text_fieldsപെരിന്തൽമണ്ണ: താലൂക്കിൽ ഭൂമി ഡാറ്റ ബാങ്കിൽനിന്ന് ഒഴിവാക്കാനും തരംമാറ്റാനുമായി നൽകിയ 2500 അപേക്ഷകൾ ഒറ്റ ദിവസം കൊണ്ട് അദാലത്തിൽ തീർപ്പാക്കി. റവന്യൂ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് നടത്തി വരുന്ന താലൂക്ക്തല അദാലത്തിലാണ് നടപടി.
താലൂക്കിലെ 24 വില്ലേജ് ഓഫിസർമാരും 17 കൃഷി ഓഫിസർമാരും ആർ.ഡി.ഒ ഓഫിസിലെ ജീവനക്കാരുമാണ് അദാലത്തിന് നേതൃത്വം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പൊതുജനങ്ങളെയോ ഭൂ ഉടമകളെയോ ഉൾപ്പെടുത്തിയില്ല. ഫോം അഞ്ച് പ്രകാരം ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കലും ഫോം ആറ് പ്രകാരം തരംമാറ്റലുമാണ് നടന്നത്. ഡാറ്റ ബാങ്കിൽനിന്ന് ഒഴിവാക്കാനുള്ള അപേക്ഷ കൃഷി ഓഫിസർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കുക. 2023 ആരംഭം മുതൽ 2024 ആഗസ്റ്റ് വരെയുള്ള അപേക്ഷകൾ ഇത്തരത്തിൽ പരിഗണിച്ചു.
ഡാറ്റ ബാങ്കിൽനിന്ന് ഒഴിവാക്കേണ്ട 2080 അപേക്ഷകളും തരംമാറ്റാനുള്ള 1320 അപേക്ഷകളും പരിഗണിച്ചു. താലൂക്ക് സമ്മേളന ഹാളിലാണ് അദാലത്ത് നടന്നത്.
ഭൂമി തരംമാറ്റലിന് ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങിയത് മൂന്നു വർഷം മുമ്പാണ്. 25 സെന്റ് വരെയുള്ള ഭൂമിയുടെ തരംമാറ്റലിന് ഫീസ് നൽകേണ്ടതില്ല. പരമാവധി അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞു എന്നത് നേട്ടമായതായി റവന്യൂ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
അദാലത്ത് ജില്ല കലക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ അപൂർവ ത്രിപാഠി, സീനിയർ സൂപ്രണ്ട് കെ.കെ. പ്രസിൽ, പെരിന്തൽമണ്ണ തഹസിൽദാർ ഹാരിസ് കപൂർ, എൽ.ആർ തഹസിദാർ എ. വേണുഗോപാലൻ, സൂപ്രണ്ടുമാരായ പി. ഹംസ, സരിതകുമാരി, ബാസ്റ്റിൻ, സത്യൻ, ഹെഡ് ക്ലർക്ക് അനിൽ, സീനിയർ ക്ലർക്കുമാരായ മിഥുൻലാൽ, അബ്ദുസലീം നടുവത്തിൽ, ശിവദാസൻ എന്നിവർ സംസാരിച്ചു. മികച്ച രീതിയിൽ തരംമാറ്റം ജോലികൾ നിർവഹിച്ച വില്ലേജ് ഓഫിസർമാർ, കൃഷി ഓഫിസർമാർ എന്നിവർക്ക് ജില്ല കലക്ടർ പ്രശംസാപത്രം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.