ആയോധന മികവിന് അംഗീകാരം; ഗ്രീഷ്മക്കും കുടുംബത്തിനും 'അക്ഷര വീട്' ഒരുങ്ങി
text_fieldsപെരിന്തൽമണ്ണ: ആയോധന കലയിൽ നിരവധി മെഡലുകൾ കരസ്ഥമാക്കി നാടിന് അഭിമാനമായ പുലാമന്തോൾ ചെമ്മലശേരിയിലെ ഗ്രീഷ്മക്കും കുടുംബത്തിനും 'മാധ്യമ'വും താരസംഘടനയായ 'അമ്മ'യും യൂനിമണി-എൻ.എം.സി ഗ്രൂപ്പും ചേർന്ന് നിർമിച്ചുനൽകുന്ന 'ഫ' അക്ഷരവീട് പൂർത്തിയായി. വീട് ഉടൻ കൈമാറും. കരാട്ടെ, കുങ്ഫു, വുഷു ഇനങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയ ഗ്രീഷ്മ, നടുവത്ത് പറമ്പിൽ ഗോപി-ശ്രീജ ദമ്പതികളുടെ മകളാണ്. ബി.എസ്സി ബോട്ടണി വിദ്യാർഥിനിയായ ഗ്രീഷ്മയുടെ കുടുംബം 17 വർഷമായി വാടക വീട്ടിലാണ്. പുലാമന്തോൾ ചെമ്മലശേരിയിലാണ് അക്ഷര വീട് പൂർത്തിയായത്.
പുലാമന്തോളിലെ ഐ.ഡി.കെ മാർഷൽ ആർട്ട്സിൽ കരാട്ടെ പഠനം തുടങ്ങിയ ഗ്രീഷ്മ എട്ടാം ക്ലാസിൽ ബ്ലാക്ക് ബെൽറ്റ് നേടി. ശേഷം കുങ്ഫു സ്പോർട്സ് ഫോറത്തിന് കീഴിലുള്ള വുഷു പരിശീലനത്തിലേക്ക് തിരിഞ്ഞു. വാഴയൂർ വുഷു ക്ലബിലെ അഖിൽ വഴിയാണ് കോഴിക്കോട് പാലാഴിയിലെ അയ്യൂബുമായി പരിചയപ്പെട്ടത്. അഖിലിെൻറ നേതൃത്വത്തിൽ മൂന്നു വർഷം ജില്ലക്ക് വേണ്ടി വാഴയൂർ വുഷു ക്ലബിലും മത്സരിച്ചു. തുടർന്നുള്ള പരിശീലനം കോഴിക്കോട് പാലാഴിയിലെ പി.കെ. അയ്യൂബിെൻറ നേതൃത്വത്തിലായിരുന്നു. ഏറെ സാമ്പത്തിക പ്രതിസന്ധിയിലും ഫീസ് പോലും വാങ്ങാതെയാണ് അയ്യൂബ് പരിശീലനം നൽകിയത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് മത്സരങ്ങളിൽ പങ്കെടുക്കാനാവശ്യമായ ഷൂ, ഡ്രസ്സുകൾ, ഷോക്സ് എന്നിവ രക്ഷിതാക്കൾ സംഘടിപ്പിച്ചത്.
കോഴിക്കോട് യു.എം.എ.ഐ ഗ്രാൻഡ് മാസ്റ്ററും വുഷു സാങ്ഷൂ വിഭാഗം ഇൻറർനാഷനൽ എ ഗ്രേഡ് ജഡ്ജും പട്ടാമ്പി എക്സൈസ് ഒാഫിസറുമായ സി.പി. ആരിഫിെൻറയും നാഷനൽ തവുലു ജഡ്ജി ജി.ആർ. പ്രതീഷിെൻറയും ശിക്ഷണത്തിലാണ് ഇപ്പോൾ പരിശീലനം. ആത്മാ കളരി വില്ലേജിലെ വിപിൻദാസ് ഗുരുക്കളുടെ കീഴിൽ നാലു വർഷമായി കളരിയും അഭ്യസിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.