പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ റോഡാണ് പ്രശ്നം
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ വികസന പദ്ധതികളോട് സർക്കാർ തുടരുന്ന അവഗണന വിശദീകരിച്ച് ജനകീയ സമരത്തിനൊരുങ്ങുകയാണ് രണ്ടു മണ്ഡലങ്ങളിലെയും എം.എൽ.എമാർ. ആശുപത്രി നഗരത്തിലേക്ക് ഏറെപ്പേർ യാത്ര ചെയ്യുന്ന അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ് അഞ്ചു വർഷത്തോളമായി തകർന്നു കിടന്നിട്ടും ഫണ്ട് അനുവദിക്കുകയോ പുനർനിർമാണത്തിന് നടപടിയെടുക്കുകയോ ചെയ്യാത്തതാണ് മഞ്ഞളാംകുഴി അലി എം.എൽ.എ ഉയർത്തുന്നത്. 140 കോടി രൂപ മുൻ ഇടത് സർക്കാർ അനുവദിച്ചതിനെ തുടർന്ന് നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കിലോമീറ്റർ നവീകരണം മൂന്നു വർഷം മുമ്പ് തുടങ്ങിയിട്ടും പ്രവൃത്തി പൂർത്തിയാക്കാതെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതായാണ് നജീബ് കാന്തപുരം എം.എൽ.എ ഉയർത്തുന്ന പരാതി. ജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്യുമെന്ന് മഞ്ഞളാംകുഴി അലിയും സമരം മന്ത്രിയുടെ ഓഫിസ് പടിക്കലേക്ക് മാറ്റുകയാണെന്ന് നജീബ് കാന്തപുരവും പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റൊരു പ്രധാന വികസന പ്രശ്നമാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രി. ആരോഗ്യമന്ത്രി ഇപ്പോഴും ഇതിനെ താലൂക്ക് ആശുപത്രിയായാണ് കണക്കാക്കിയത്. അവഗണനക്ക് പരിഹാരം തേടി എം.എൽ.എയും ജില്ല പഞ്ചായത്ത് പ്രതിനിധികളും മന്ത്രിയെ കാണാൻ തലസ്ഥാനത്തെത്തിയെങ്കിലും ആരോഗ്യ ഡയറക്ടറെ കണ്ട് മടങ്ങേണ്ടി വന്നു. ഓരാടംപാലം മുതൽ മാനത്തുമംഗലം വരെ 4.1 കിലോമീറ്റർ ബൈപാസ് 2010ൽ നിർദേശിച്ചെങ്കിലും ഇപ്പോൾ വിസ്മൃതിയിലാണ്.
എം.എൽ.എ ഫണ്ടിലുള്ള ചെറിയ റോഡ് നവീകരണവും മരാമത്ത് വകുപ്പിന്റെ കുഴിയടക്കലുമല്ലാതെ സർക്കാർ പദ്ധതികളൊന്നും രണ്ടു മണ്ഡലത്തിലും വരുന്നില്ല. അഹമ്മദ് കബീർ എം.എൽ.എയായിരുന്നപ്പോൾ 2016 മുതൽ നിരന്തരം ശ്രമം നടത്തി സർക്കാർ ശ്രദ്ധയിൽ കൊണ്ടുവന്ന വൈലോങ്ങര -ഓരാടംപാലം ഒരു കിലോമീറ്റർ ബൈപാസിന് അടുത്തിടെ 16 കോടി അനുവദിച്ചതാണ് മങ്കടയിൽ ഉണ്ടായ ഒരു പദ്ധതി.
മേലാറ്റൂർ -പുലാമന്തോൾ റോഡ്
30 കി.മീ പുനർനിർമാണത്തിന് 140 കോടി മുൻ പിണറായി സർക്കാർ അനുവദിച്ച് 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി ഉദ്ഘാടനവും നടത്തി. ഒന്നര വർഷംകൊണ്ട് തീർക്കേണ്ടത് മൂന്നു വർഷമായപ്പോൾ 52 ശതമാനം മാത്രം പൂർത്തിയായി. രൂക്ഷമായ യാത്രക്ലേശമാണ് ഈ റോഡിൽ. മന്ത്രി നേരിട്ടെത്തി ദുരിതം കണ്ടതാണ്. ഡിസംബർ വരെ കരാർ കാലാവധി നീട്ടി. പണം നൽകുന്നില്ലെന്നാണ് കരാറുകാർ പറയുന്നത്. കരാറുകാരെ കരിമ്പട്ടികയിൽപ്പെടുത്തി പുനർ ലേലത്തിൽ റോഡ് പൂർത്തിയാക്കാത്തത് ബന്ധപ്പെട്ടവർക്ക് എന്തോ താൽപര്യം ഉള്ളതുകൊണ്ടാണെന്ന് നജീബ് കാന്തപുരം എം.എൽ.എ കുറ്റപ്പെടുത്തി.
അങ്ങാടിപ്പുറം -വളാഞ്ചേരി റോഡ്
ആശുപത്രികളിലേക്കും പെരിന്തൽമണ്ണ ടൗണിലേക്കും വാഹനങ്ങളെത്തുന്ന റോഡിൽ 13.6 കി.മീ തകർന്നിട്ട് അഞ്ചു വർഷത്തിന് മുകളിലായി. 18 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഫണ്ട് അനുവദിക്കാൻ മഞ്ഞളാംകുഴി അലി എം.എൽ.എ നിയമസഭയിൽ തുടരെ ചോദ്യങ്ങളും സബ്മിഷനും ഉന്നയിച്ചിട്ടും രക്ഷയില്ല.
ഒന്നര കി.മീ ഭാഗം മൂന്നു കോടി ഉപയോഗിച്ച് പ്രവൃത്തി നടത്തി. 12 കി.മീ ഭാഗം കുഴിയടക്കാൻ 54.64 ലക്ഷം രൂപ അനുവദിച്ച് തലയൂരി. മന്ത്രിയുടെ ശ്രദ്ധയിലേക്ക് രണ്ട് സബ് മിഷൻ, രണ്ട് ചോദ്യം, ആറു നിവേദനം എന്നിവ ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.