നഗരമധ്യത്തിൽ നരകയാത്ര; പാടേ തകർന്ന് പെരിന്തൽമണ്ണ ബൈപ്പാസ് ജങ്ഷനും റോഡും
text_fieldsപെരിന്തൽമണ്ണ: നഗരമധ്യത്തിൽ പാടേ തകർന്ന് ബൈപ്പാസ് റോഡ്. കോഴിക്കോട് റോഡിനെയും ഊട്ടി റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപ്പാസാണ് വലിയ കുഴികളും വെള്ളക്കെട്ടുകളുമായി യാത്രാദുരിതം തീർക്കുന്നത്. അടുത്ത കാലത്തൊന്നും ഈ റോഡിൽ നവീകരണം നടന്നിട്ടില്ല. പ്രധാന നിരത്തിൽ കുഴിയടക്കാൻ മരാമത്ത് വകുപ്പ് സന്നദ്ധമായ ഘട്ടങ്ങളിലും ബൈപ്പാസ് റോഡ് അവഗണിക്കുകയായിരുന്നു. ബൈപ്പാസ് റോഡിലെ ബസ് സ്റ്റാൻഡ് പരിസരത്തും ഊട്ടി റോഡിലെ ബൈപ്പാസ് ജങ്ഷനിലുമാണ് കൂടുതൽ തകർച്ച. വലിയ കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.
ഊട്ടി റോഡിൽ ബൈപ്പാസ് ജങ്ഷൻ വഴിയാണ് മേലാറ്റൂർ-പുലാമന്തോൾ റോഡ് കടന്നുപോവുന്നത്. ഈ റോഡ് നിർമാണത്തിന് 2020ൽ ടെൻഡർ നൽകിയതിനാൽ അന്നുമുതൽ കാണപ്പെട്ട ബൈപ്പാസ് ജങ്ഷനിലെ വലിയ കുഴികൾ നിർമാണത്തോടെ നികത്തി റോഡ് നവീകരിക്കുമെന്നാണ് കരുതിയിരുന്നത്. അതേസമയം, ബൈപ്പാസ് റോഡിന് ആ പ്രതീക്ഷയുമില്ല. പ്രധാന നിരത്തിന്റെയത്ര വീതിയോ സൗകര്യമോ ഇല്ലാതെയാണ് ബൈപ്പാസ് റോഡ് വന്നത്. ഇതിനൊപ്പം റോഡ് തകരുകകൂടി ചെയ്തതോടെ യാത്രാദുരിതം ഇരട്ടിച്ചു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കുഴികൾ താൽക്കാലികമായി ക്വാറി മാലിന്യമിട്ട് അടച്ചിരുന്നു.
എന്നാൽ, ഇത് വീണ്ടും തകർന്നതോടെ വലിയ കല്ലുകളും ചെളിവെള്ളവും കാരണം ഏത് നിമിഷവും അപകട ഭീഷണിയുമുണ്ട്. കുഴിയടച്ചാൽ തീരുന്നതല്ല ബൈപ്പാസ് റോഡ് തകർച്ച. പൊതുമരാമത്ത് വകുപ്പ് പെരിന്തൽമണ്ണ എ.ഇ ഓഫിസിന്റെ പരിധിയിലാണിത്. പെരിന്തൽമണ്ണയിലെ ധാരാളം വ്യാപാര സ്ഥാപനങ്ങൾ ബൈപ്പാസ് റോഡിലാണ്. സദാസമയത്തും തിരക്കാണ് ഈ റോഡിൽ.
നിലമ്പൂർ, വണ്ടൂർ, കരുവാരകുണ്ട് ഭാഗങ്ങളിലേക്കുള്ള ബസ് സർവിസും ബൈപ്പാസ് റോഡ് വഴിയാണ്. അശാസ്ത്രീയമായാണ് മൂന്നു പതിറ്റാണ്ട് മുമ്പ് ബൈപ്പാസ് റോഡിന്റെ നിർമാണം നടന്നത്. റോഡ് തുടർന്ന് വീതി കൂട്ടാൻ സാധിക്കാത്ത വിധത്തിലാണിവിടെ ഭൂമി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.