പട്ടികജാതി ഹോസ്റ്റലിന് എട്ടുവർഷമായി കാത്തിരിപ്പ്, ഇനി മന്ത്രി കനിയണം
text_fieldsപെരിന്തൽമണ്ണ: വാടകകെട്ടിടത്തിൽ നിന്ന് മോചനംതേടി നെന്മിനിയിൽ സർക്കാർ നൽകിയ 25 സെന്റിൽ പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റൽ ഉയരുന്നതിനുള്ള കാത്തിരിപ്പിന് എട്ടുവർഷം തികയുന്നു. പട്ടികജാതി ക്ഷേമം, പൊതുമരാമത്ത് കെട്ടിട വിഭാഗം വകുപ്പുകളുടെ മൂപ്പിളമ തർക്കത്തിൽ നീണ്ടുപോയ പദ്ധതി ഏതാനും മാസംമുമ്പ് പട്ടികജാതി ക്ഷേമമന്ത്രി കെ. രാധാകൃഷ്ണൻ ഇടപെട്ടതോടെ വീണ്ടും ജീവൻ വെച്ചു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫയാണ് ഇതിന് മുൻകൈ എടുത്തത്. 2015 മാർച്ചിലാണ് ഹോസ്റ്റലിന് 1.15 കോടി രൂപ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് അനുവദിക്കുന്നത്. മരം മുറിച്ച് സ്ഥലം കൈമാറുന്നത് 2019 ഒക്ടോബർ 15ന്. മൂന്നു വർഷമായിട്ടും നിർമാണം തറനിർമാണത്തിൽ ഒതുക്കി എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്ത് കിട്ടാൻ കരാറുകാരൻ മരാമത്ത് വകുപ്പിനെ സമീപിച്ചതോടെ അനുകൂല നടപടിയില്ലാതെ നീണ്ടു. പട്ടികജാതി വകുപ്പ് ഡയറക്ടർക്കും ജില്ല കലക്ടർക്കും കത്തുകൾ പോയി. 2022 ജൂൺ 24ന് കെട്ടിടം പൂർത്തിയാക്കുമെന്ന് വരെ ഉറപ്പ് ലഭിച്ചെങ്കിലും പാലിച്ചില്ല.
അതിനിടെ താൽക്കാലിക കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ട് 2022 ആഗസ്റ്റ് 15ന് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ആദ്യം വാടക 3035. പുതിയതിൽ 20,000. മലിനജലമടക്കം നീക്കാനുള്ള അധിക ചെലവുകൂടി കാണിച്ച് ഇപ്പോൾ ഉടമ ചോദിക്കുന്നത് 30,000 രൂപ. മേയ് മൂന്നിന് മരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിൽ ചേർന്ന അവലോകനത്തിൽ കൈക്കൊണ്ട തീരുമാനങ്ങളും സമയത്തിന് നടപ്പായില്ല.
പ്ലാൻപ്രകാരം കെട്ടിടം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കാൻ ഇനിയെത്ര തുക വേണമെന്ന് മരാമത്ത് കെട്ടിട വിഭാഗത്തോട് തേടി. കാത്തിരിപ്പുകൾക്ക് ഒടുവിൽ എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്തു 1.15 കോടിക്ക് പൂർത്തിയാക്കേണ്ടിയിരുന്ന കെട്ടിടം ഇപ്പോൾ വർധിച്ചു. പുറമെയുള്ള തുക അനുവദിച്ചു കിട്ടാൻ ഇനിയും സർക്കാർ കനിയണം. പട്ടികജാതി വകുപ്പ് അഡീഷനൽ ഡയറക്ടർ സെപ്റ്റംബർ 23ന് രണ്ടു വകുപ്പിലെയും ഉദ്യോഗസ്ഥരെ ചേർത്ത് ഒാൺലൈനിൽ യോഗം വിളിച്ച് വിഷയം ചർച്ച നടത്തി. ഡിസംബർ 28ന് കെട്ടിടം പണി തീർക്കാമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. കെട്ടിടം പൂർത്തിയാക്കാൻ ഇനിയും പണം വേണം. എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്യാൻ നടപടിയായതോടെ ഏതാനും ദിവസം മുമ്പ് വാർപ്പ് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.