വോട്ട് ചെയ്യാൻ അനുമതി തേടി ആറു യുവാക്കൾ കോടതിയിൽ
text_fieldsപെരിന്തൽമണ്ണ: മുൻ വിരോധത്തെ തുടർന്ന് മർദിച്ച് മാരകമായി പരിക്കേൽപ്പിച്ചതിന് വധശ്രമക്കേസിൽ പെടുകയും ഹൈകോടതി ജാമ്യം അനുവദിക്കുകയും ചെയ്ത പ്രതികൾ വോട്ട് ചെയ്യാൻ അനുമതി തേടി കോടതിയിൽ. താഴേക്കോട് പഞ്ചായത്ത് കാഞ്ഞിരത്തടം സ്വദേശികളാണ് കോടതിയിലെത്തിയത്.
കേസിൽ സെപ്റ്റംബർ 29നാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. മൂന്നു മാസത്തേക്ക് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയാണ് ഇവർക്ക് വിനയായത്.
ജാമ്യ വ്യവസ്ഥയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളൊന്നും പരാമർശിക്കാത്തതിനാൽ പൗരെൻറ അവകാശമെന്ന നിലയിൽ വോട്ടു ചെയ്യാൻ അനുമതി നൽകണമെന്ന് പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഡ്വ. റഫീഖ് വള്ളൂരാൻ മുഖേന നൽകിയ ഹരജി തള്ളിയിരുന്നു.
ഇതേ തുടർന്ന് മഞ്ചേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ ഹരജി നൽകി. വെള്ളിയാഴ്ച വാദം കേട്ട് കോടതി തീർപ്പു കൽപ്പിക്കും. ജൂലൈ പത്തിനാണ് കേസിനാസ്പദമായ സംഭവം.
താഴെക്കോട് കാഞ്ഞിരത്തടം സ്വദേശിയെ മാരകമായി പരിക്കേൽപ്പിച്ചതായാണ് കേസ്. കേസിലെ പ്രതികളായ താഴേക്കോട് കാഞ്ഞിരത്തടം സ്വദേശികളായ മുഹമ്മദ് അഷ്റഫ് (38) അബ്ദുൽ ബഷീർ (36), ഇസ്മയിൽ (28), മുഹമ്മദ് റിയാസ് (24), ഗഫൂർ (39), റാഷിദ് (24) എന്നിവർക്കാണ് വോട്ടു ചെയ്യാൻ തടസ്സം.
ഇനി ഹൈകോടതിയെ സമീപിക്കാൻ സാവകാശമില്ലെന്നും വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിക്കരുതെന്നുമാണ് പ്രതികളുടെ ആവശ്യം. ആറുപേരും താഴേക്കോട് കാഞ്ഞിരത്തടം വാർഡിൽ വോട്ടു ചെയ്യേണ്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.