സാമൂഹിക സുരക്ഷ പെൻഷൻ; പ്രത്യേക മാനദണ്ഡമില്ലാത്തത് തീവ്രഭിന്നശേഷിക്കാർക്ക് തിരിച്ചടി
text_fieldsപെരിന്തൽമണ്ണ: സാമൂഹിക സുരക്ഷ പെൻഷന് അവശ വിഭാഗങ്ങൾക്കും അല്ലാത്തവർക്കും ഒരേ മാനദണ്ഡം ബാധകമാക്കുന്നത് തിരുത്തണമെന്ന ആവശ്യമുയരുന്നു. കുടുംബത്തിന് ഒരു ലക്ഷം വാർഷിക വരുമാനം, 2000 ചതുരശ്ര അടി വീട്, 1000 സി.സി സ്വകാര്യ വാഹനം, ഒരു ഹെക്ടർ ഭൂമി എന്നിവയുണ്ടാകരുത് എന്നാണ് പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.
ജീവിതകാലം മുഴുവൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടവരും സ്വന്തമായി തൊഴിൽ, വരുമാനം എന്നിവ ഇല്ലാത്തവരുമാണ് തീവ്ര ഭിന്നശേഷിക്കാർ. പൊതു മാനദണ്ഡം ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരടക്കമുള്ളവർക്ക് ബാധകമാക്കുന്നത് വിവേചനമെന്നാണ് ആക്ഷേപം. മാനദണ്ഡങ്ങളുടെ പേരിൽ ഇവരുടെ പെൻഷൻ തടയുകയും ചെയ്യുന്നുണ്ട്. കുടുംബത്തിന്റെ വരുമാനമോ സുസ്ഥിതികൊണ്ടോ പരിഹാരമാവുന്നതല്ല പല ഭിന്നശേഷി വിഭാഗങ്ങളുടെയും പ്രയാസങ്ങൾ. ഇക്കാര്യങ്ങളിൽ കുടുംബത്തിന്റെ അവസ്ഥയേക്കാൾ വ്യക്തിഗത അവസ്ഥ പരിഗണിക്കണമെന്ന് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
1982 മുതൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക പെൻഷൻ പദ്ധതിയാണ് നിലവിലുണ്ടായിരുന്നത്. പിന്നീട് ഭിന്നശേഷിക്കാരല്ലാത്തവർക്ക് കൂടി വിവിധ ക്ഷേമ പെൻഷനുകൾ നടപ്പാക്കുകയും ഗുണഭോക്താക്കൾ ഏറിയതോടെ നേരത്തെ നിശ്ചയിച്ച പൊതുമാനദണ്ഡങ്ങൾ ഇവർക്കും ബാധകമാക്കുകയും ചെയ്തു. സംസ്ഥാനത്ത് 63,79893 ക്ഷേമ പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 4,00925 പേരാണ് ഭിന്നശേഷിക്കാർ. ഇതിൽ ഒരു ലക്ഷത്തിനടുത്ത് മാത്രമേ തീവ്ര ഭിന്നശേഷി വിഭാഗമായ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുള്ളൂ. ഇവർക്കാണ് മാനദണ്ഡങ്ങളിൽ പ്രത്യേക ഇളവു വേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.