സ്പെഷൽ തപാൽ വോട്ട് കേസ്: ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിച്ചേക്കും
text_fieldsപെരിന്തൽമണ്ണ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ 348 പേരുടെ വോട്ടുകൾ അസാധുവായത് കോടതി മുമ്പാകെ എത്തിയതോടെ ജീവനക്കാരുടെ വീഴ്ച സംബന്ധിച്ചും ചർച്ച. സ്പെഷൽ തപാൽ വോട്ട് ചെയ്യിപ്പിച്ച ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് വോട്ടുകൾ അസാധുവായതെന്നും എല്ലാ വശവും പരിശോധിക്കണമെന്നുമാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. സാധാരണ തപാൽ വോട്ടുകളുടെ മാനദണ്ഡം നോക്കിയാണ് 2021ൽ ഈ സ്പെഷൽ തപാൽ വോട്ടുകൾ പരിശോധിച്ചത്. 80 കഴിഞ്ഞ വയോധികർക്കും പകർച്ചവ്യാധി വ്യാപന ഘട്ടത്തിലും ഇത്തരത്തിൽ തപാൽ വോട്ട് അനുവദിച്ച അനുഭവം നേരത്തേയില്ല. ഹൈകോടതിയുടെ പരിഗണനയിലാണ് കേസ് എന്നിരിക്കെ അന്തിമ തീർപ്പിന് കാത്തിരിക്കുകയാണ് പരാതിയുമായി ബന്ധപ്പെട്ട എല്ലാവരും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുകയെന്നതിനേക്കാൾ വോട്ടറുടെ കാരണം കൊണ്ടല്ലാതെ സാങ്കേതിക പിഴവുകൾ സംഭവിച്ച വോട്ടുകൾ എണ്ണണമെന്നാണ് കോടതി മുമ്പാകെ എത്തിയ പരാതി.
വോട്ടെണ്ണൽ വേളയിൽ ‘നിയമസാധുതയില്ലാത്തത്’ വിഭാഗത്തിൽപെടുത്തി മാറ്റിയിട്ടവയാണ് ഈ 348 വോട്ടുകളെന്നും കൗണ്ടിങ് ഏജൻറുമാർ മുഴുവൻ ഈ തീരുമാനത്തിൽ ഒപ്പുവെച്ചശേഷം ഉയർത്തുന്ന പരാതികൾക്ക് അടിസ്ഥാനമില്ലെന്നുമാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വോട്ടെണ്ണൽ വേളയിലേത് കേവലം നടപടിക്രമമാണെന്നും ഒപ്പിട്ടില്ലെങ്കിൽ വോട്ടെണ്ണലോ ഫലപ്രഖ്യാപനമോ നടക്കാതെ പോകില്ലെന്നും ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വരണാധികാരിയുടെ വിവേചനാധികാരമാണ് അവിടെ നടപ്പാക്കിയതെന്നും ഇടത് സ്ഥാനാർഥിയും സി.പി.എമ്മും ചൂണ്ടിക്കാണിക്കുന്നു.
തർക്കം ആരംഭിച്ചത് വോട്ടെണ്ണൽ വേളയിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ സ്പെഷൽ തപാൽ വോട്ട് വിഷയത്തിൽ ഇപ്പോൾ അരങ്ങേറുന്ന തർക്കം വോട്ടണ്ണൽ വേളയിലേതിന് സമാനം. അത്യന്തം പിരിമുറുക്കത്തോടെയുള്ള വോട്ടണ്ണലിൽ ലീഡ് മാറിമറിഞ്ഞു കൊണ്ടിരിക്കെ, മുഴുവൻ വോട്ടിങ് മെഷീനുകളിലെ വോട്ടും സാധുവായ തപാൽ വോട്ടും എണ്ണിക്കഴിഞ്ഞപ്പോഴാണ് സ്പെഷൽ തപാൽ വോട്ടുകൾ സംബന്ധിച്ച തർക്കം ഉയർന്നത്.
വലിയ കവറിനകത്തെ ചെറിയ കവറിൽ ബാലറ്റ്, ചെറിയ കവറിന് പുറത്ത് ഡിക്ലറേഷൻ ഫോം എന്ന രീതിയിലാണ് സ്പെഷൽ തപാൽ വോട്ട് ഉണ്ടാവുക. ഡിക്ലറേഷൻ ഫോമിലാണ് ക്രമനമ്പർ, പോളിങ് ഓഫിസറുടെ ഒപ്പ്, സീൽ തുടങ്ങിയവ വേണ്ടത്. പല ഫോമിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഒപ്പും സീലും വോട്ടറുടെ ക്രമനമ്പറും ഉണ്ടായിരുന്നില്ല. അതിനാൽ അവ തുറന്ന് പരിശോധിച്ചില്ല. ഇവ തുറക്കണമെന്നും എണ്ണണമെന്നും ഇടത് സ്വതന്ത്ര സ്ഥാനാർഥിയും ചീഫ് ഏജൻറും ആവശ്യപ്പെട്ടെങ്കിലും വരണാധികാരിയായ അന്നത്തെ സബ് കലക്ടർ കെ.എസ്. അഞ്ജുവും തെരഞ്ഞെടുപ്പ് നിരീക്ഷകനും ഇതുസംബന്ധിച്ച നിയമം ചൂണ്ടിക്കാട്ടുകയായിരുന്നു. പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.