ബ്ലോക്ക് ഹാളിൽ ആദ്യ ചുവടുകളോടെ നൃത്ത പഠനത്തിന് തുടക്കം
text_fieldsപെരിന്തൽമണ്ണ: നൃത്തവും സംഗീതവും അഭിനയവും പഠിക്കാൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ കലാപഠന പദ്ധതിക്ക് തുടക്കമായി. താൽപര്യമുള്ള വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ വഴി പഠനം തുടരാം. പെരിന്തൽമണ്ണ ബ്ലോക്ക് ഹാളിൽ നടന്ന പരിപാടി നൃത്താധ്യാപിക ശ്രീല നല്ലേടം ഉദ്ഘാടനം ചെയ്തു. നൃത്തത്തിെൻറ ആദ്യ ചുവടുകൾ പകർന്ന് ബ്ലോക്ക് ഹാളിൽ പരിശീലനത്തിന് തുടക്കം കുറിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ കലാമണ്ഡലം അശ്വതി മോഹിനിയാട്ടത്തിെൻറ പ്രാരംഭ ചുവടുകൾ വിദ്യാർഥിനികളെ പഠിപ്പിച്ചു. കലാ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗല്ഭരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പദ്ധതി. പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്രകടനത്തിനും അരങ്ങേറ്റത്തിനും അവസരം നൽകണമെന്ന് ശ്രീല നല്ലേടം നിർദേശിച്ചു.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് മാറ്റിവെക്കുന്നത്. സാംസ്കാരിക വകുപ്പുമായി സഹകരിച്ച് നടത്തുന്ന വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി മുന്നൂറോളം കുട്ടികൾക്കുള്ള ഓൺലൈൻ പരിശീലനമാണിത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കുള്ള ക്ലാസുകൾ വിവിധ പഞ്ചായത്തുകളിലെ നിർദിഷ്ട പരിശീലന കേന്ദ്രങ്ങളിലാണ് നടത്തുക. കൂടുതൽ കുട്ടികൾക്ക് അവസരം നൽകും. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. കലാമണ്ഡലം അശ്വതി മോഹിനിയാട്ടവും, ഷിജിൽ ശാസ്ത്രീയ സംഗീതവും, വി.കെ. ഉസ്മാൻ നാടകവും, വിനീഷ് കോട്ടക്കൽ കഥകളി സംഗീതവും, പി. അനിരുദ്ധ് ചുമർ ചിത്രകലയും അഭ്യസിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.