ജനകീയ ഹോട്ടൽ സബ്സിഡി നിർത്തിയത് സംരംഭകർക്കും തിരിച്ചടി
text_fieldsപെരിന്തൽമണ്ണ: ജനകീയ ഹോട്ടലിൽ സബ്സിഡി നിർത്തിയതോടെ കൂടുതൽ ബാധിച്ചത് സംരംഭകരെയും വിദ്യാർഥികളെയും സ്ഥിരം ഉപഭോക്താക്കളെയും. സർക്കാർ സബ്സിഡി നിർത്തിയതോടെ 20 രൂപക്കുള്ള ഊണിന് ആഗസ്റ്റ് ഒന്നുമുതൽ 30 രൂപയാണ് വില. മലപ്പുറത്ത് 144 ജനകീയ ഹോട്ടലുകളാണുള്ളത്.
2021 ആദ്യത്തിലാണ് ജനകീയ ഹോട്ടലുകളുടെ തുടക്കം. വിശപ്പുരഹിത കേരളമെന്ന പേരിലാണ് സംസ്ഥാന സർക്കാർ പദ്ധതി തുടങ്ങിയത്. 200 മുതൽ 250 വരെ ഊണാണ് ജനകീയ ഹോട്ടലുകളിൽ പ്രതിദിനം വിളമ്പിയിരുന്നത്. സാധാരണ ഊണല്ലാതെ സ്പെഷൽ വിഭവങ്ങൾ ചേർത്ത് നൽകുമ്പോൾ മാത്രമാണ് നടത്തിപ്പുകാർക്ക് ചെറുതായെങ്കിലും വരുമാനം വന്നിരുന്നത്.
മലപ്പുറത്ത് 144 ഹോട്ടലുകളിൽ 200 ഊൺ എന്ന തോതിൽ പ്രതിദിനം 28,000 മുതൽ 30,000 വരെ ഊൺ വിളമ്പിയിരുന്നതായാണ് കണക്ക്. 2.88 ലക്ഷം രൂപയാണ് ജില്ലയിൽ മാത്രം ജനകീയ ഹോട്ടലുകളിൽ സബ്സിഡി നൽകേണ്ടി വന്നിരുന്നത്. ഇവക്ക് പുറമെ പ്രതിമാസം 600 കി.ഗ്രാം അരി 10.75 രൂപക്ക് സബ്സിഡിയോടെ നൽകാൻ കഴിഞ്ഞിരുന്നതായി കുടുംബശ്രീ ജില്ല മിഷൻ പറയുന്നു.
സാധാരണ ഹോട്ടലുകളിൽ ഒരുമാസം മുമ്പ് ഊണിന് 10 രൂപ വരെ വർധിപ്പിച്ചു. പായസവും പപ്പടവും കൂടി ചേർത്ത് 60 രൂപ വരെ നൽകണം. ഇതാണ് ജനകീയ ഹോട്ടലുകളിൽ 20 രൂപക്ക് ലഭിച്ചിരുന്നത്. പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ എന്നിവയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടത്തിൽ നിർവാഹമില്ലാതെയാണ് ഹോട്ടലുകളിൽ വില വർധിപ്പിച്ചത്. അപ്പോഴും സബ്സിഡിയോടെ ഊൺ വിളമ്പിയതായിരുന്നു വിദ്യാർഥികളടക്കം സാധാരണക്കാർക്ക് ആശ്വാസം. അതാണ് സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ നിന്നത്. മിക്ക ജനകീയ ഹോട്ടലുകാർക്കും ഒന്നു മുതൽ ഒന്നര വർഷം വരെയുള്ള കാലത്തെ സബ്സിഡി ലഭിക്കാനുണ്ട്.
ആശ്വാസമായിരുന്നു ആ ഊൺ
കെട്ടിട വാടക, കറന്റ് ബിൽ, വെള്ളക്കരം എന്നിവ മിക്കയിടത്തും അതത് പഞ്ചായത്തുകൾ വഹിക്കുന്നതിനാലാണ് കുറഞ്ഞ വിലക്ക് മെച്ചപ്പെട്ട ഭക്ഷണം വിളമ്പാൻ കഴിഞ്ഞിരുന്നത്. കോവിഡ് ഘട്ടത്തിൽ ചോറ്, സാമ്പാറ്, മീൻകറി, ഉപ്പേരി, അച്ചാർ / ചമ്മന്തി എന്നിങ്ങനെയാണ് ജൂലൈ അവസാനം വരെ 20 രൂപക്ക് നൽകിയിരുന്നത്. വില 30 രൂപയാക്കിയത് കാരണം നേരത്തേ വന്നിരുന്ന വിദ്യാർഥികൾ വരാതെയായെന്ന് ആനക്കയത്തെ ജനകീയ ഹോട്ടൽ സംരംഭകരിലൊരാളായ കുടുംബശ്രീ പ്രവർത്തക ബുഷ്റ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.