തെരുവുനായ് ആക്രമണം; കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്
text_fieldsപെരിന്തൽമണ്ണ: കളിച്ചുകൊണ്ടിരുന്ന ആറു കുട്ടികൾക്കടക്കം 12 പേർക്ക് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റു. ആലിപ്പറമ്പ് പഞ്ചായത്തിൽ വാളാംകുളം, ആര്യംപറമ്പ്, ഒടമല പള്ളി പരിസരം, പടിഞ്ഞാറേ കുളമ്പ് പ്രദേശങ്ങളിലാണ് തെരുവുനായ് ആക്രമണമുണ്ടായത്. മുറ്റത്തും വീട്ടുപരിസരത്തും കളിക്കുകയായിരുന്ന കുട്ടികൾക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ ആദ്യം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒടമലയിലെ കളത്തിൽ വീട്ടിൽ സാദിഖിന്റെ അഞ്ചു വയസ്സുകാരി മകൾ ഫാത്തിമ നസ്മിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒമ്പതുപേരെ ചികിത്സക്കും പ്രതിരോധ കുത്തിവെപ്പിനും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
സുചിത്ര (17), ചന്ദ്രൻ (62), ജെൻസൺ (13), മുനീർ (34), ലുലു മെഹ്ജ ബിൻ (അഞ്ച്), മോഹൻദാസ് (58), അബുഹാരിസ് (മൂന്ന്), മുഹമ്മദ് ജലാൽ (15) എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടുപേരെ ആലിപ്പറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകി വിട്ടയച്ചു. രാവിലെ പത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.
കുട്ടികൾക്ക് മുഖത്തും ദേഹത്തും കടിയേറ്റിട്ടുണ്ട്. ചേർക്കുന്നത്ത് ഷബീറലിയുടെ മകൻ മുഹമ്മദ് ഷാസിനും (മൂന്നര) ചെമ്മങ്കുഴി ഷിഹാബിന്റെയും കുരുത്തിക്കുഴിയിൽ നൗഷാദിന്റെയും പുളിക്കാടൻ അബ്ബാസിന്റെയും കുട്ടികൾക്കും നായുടെ ആക്രമണത്തിൽ പരിക്കേറ്റു.
അയിലക്കാട്ട് തെരുവുനായ് വിളയാട്ടം; ഏഴു കോഴികളെ കൊന്നൊടുക്കി
എടപ്പാൾ: അയിലക്കാട് മുക്കിലപീടികക്ക് സമീപം തെരുവുനായ്ക്കൾ ഏഴു കോഴികളെ കൊന്നൊടുക്കി. താനിക്കപ്പറമ്പിൽ പ്രേമദാസിന്റെ മൂന്ന് ടർക്കി, ഇടിവെട്ടിയകത്ത് സെബീറിന്റെ നാലു നാടൻകോഴികൾ എന്നിവയെയാണ് കൊന്നത്. രാവിലെ കൂട് തുറക്കാൻ നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കൂട് തകർത്ത നിലയിലാണ്. തൊട്ടടുത്ത സി.സി.ടി.വി പരിശോധിച്ചപ്പോൾ കൂട്ടമായി എത്തിയ അഞ്ചുനായ്ക്കൾ ചേർന്നാണ് അക്രമം നടത്തിയതെന്ന് കണ്ടെത്തി.
കഴിഞ്ഞ വർഷം പ്രേമദാസിന്റെ 18 കോഴികളെ നായ്ക്കൾ കൂട്ടമായി കൊന്നൊടുക്കിയിരുന്നു. 15000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു. തെരുവ് നായ്ക്കളുടെ ആക്രമണം ഏറി വരുകയാണെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.