അങ്ങാടിപ്പുറത്ത് എൻജിനീയറിങ് വിഭാഗം പൂട്ടിയതിനെതിരെ സമരം
text_fieldsപെരിന്തൽമണ്ണ: രണ്ട് പഞ്ചായത്തുകളുടെ വലുപ്പവും ജനസംഖ്യയുമുള്ള അങ്ങാടിപ്പുറത്ത് ഉദ്യോഗസ്ഥരില്ലാതെ എൻജിനീയറിങ് വിഭാഗം അടച്ചുപൂട്ടിയിട്ടും പകരം നിയമനം നടത്താത്ത സർക്കാർ നിലപാടിനെതിരെ പഞ്ചായത്ത് അംഗങ്ങൾ പ്രക്ഷോഭത്തിലേക്ക്. മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ആഗസ്റ്റ് 21ന് അങ്ങാടിപ്പുറത്ത് തദ്ദേശ വകുപ്പിനെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് പ്രസിഡന്റ് കെ.പി. സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയറും രണ്ട് ഓവർസിയർമാരും ക്ലറിക്കൽ ജീവനക്കാരുമാണ് ഇവിടെയുണ്ടായിരുന്നത്. രണ്ടു മാസം മുമ്പ് ഓവർസിയർമാരെ മാറ്റി. ജൂലൈ 31ന് അസിസ്റ്റന്റ് എൻജിനീയറെയും മാറ്റി. വാർത്തസമ്മേളനത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ സലീന താണിയൻ, ഫൗസിയ തവളേങ്ങൽ, വാക്കാട്ടിൽ സുനിൽ ബാബു എന്നിവരും പങ്കെടുത്തു.
എൻജിനീയറിങ് വിഭാഗം തുറക്കാൻ എല്ലാ വാതിലും മുട്ടി പഞ്ചായത്ത്
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിൽ ഒരാൾ പോലും ജോലി ചെയ്യാനില്ലാതെ എൻജിനീയറിങ് വിഭാഗം പൂട്ടിയത് തുറക്കാൻ എല്ലാ വാതിലും മുട്ടുകയാണ് അധികൃതർ. തദ്ദേശ മന്ത്രി എം.ബി. രാജേഷിന്റെ ഓഫിസിലെത്തി അറിയിച്ചിട്ടും പരിഹാരമായില്ല. ആഗസ്റ്റ് ഒന്നിനാണ് അങ്ങാടിപ്പുറത്ത് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം പൂട്ടിയത്. പകരം നിയമനം നടത്താത്തതിനെതിരെ ജനങ്ങളുടെ എതിർപ്പുയർന്നതോടെയാണ് തിരുവനന്തപുരത്തെത്തി പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയെ കാര്യം ധരിപ്പിച്ചത്. ഉടൻ നിയമനം നടത്തുമെന്നാണ് അറിയിച്ചത്. അതിനുശേഷം എ.ഇ നിയമന ലിസ്റ്റ് ഇറങ്ങിയെങ്കിലും അതിൽ അങ്ങാടിപ്പുറത്തേക്ക് ആളില്ല.
വിഷയം എൽ.എസ്.ജി.ഡി ചീഫ് എൻജിനീയറെയും മലപ്പുറത്ത് തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെയും അറിയിച്ച് പരിഹാരം തേടിയിട്ടും നിയമനം നടത്തുമ്പോൾ ആളുവരുമെന്ന് പറഞ്ഞ് കൈമലർത്തുകയാണ്. ഒരാൾ പോലുമില്ലാതെ പഞ്ചായത്തിൽ എൻജിനീയറിങ് വിഭാഗം അടച്ചുപൂട്ടിയത് അപൂർവവും സർക്കാർ ഭാഗത്തുനിന്നുള്ള ഗുരുതര കൃത്യവിലോപവുമാണ്.
23 വാർഡിലായി 60,000ത്തിന് മുകളിലാണ് പഞ്ചായത്തിൽ ജനസംഖ്യ. മാസം 120 കെട്ടിട നിർമാണ, അനുബന്ധ അപേക്ഷകൾ ലഭിക്കുന്നുണ്ട്. ജോലി ഭാരം കൂടുതലായതിനാൽ ഉദ്യോഗസ്ഥർ ഇവിടേക്ക് വരാൻ മടിക്കുന്നുണ്ട്. എൻജിനീയറിങ് വിഭാഗത്തിൽ ഉദ്യോഗസ്ഥരില്ലാത്തതിനാൽ, മുൻ വർഷം സർക്കാർ നൽകിയ 1.5 കോടി രൂപ ചെലവഴിക്കാതെ സർക്കാറിലേക്ക് മടക്കി. ഇത്തവണ റോഡ് മെയിന്റനൻസിന് 3.7 കോടിയും കെട്ടിട അറ്റകുറ്റപ്പണിക്ക് 1.15 കോടിയുമടക്കം 4.85 കോടി ചെലവിടാനുണ്ട്. ഇവക്ക് എസ്റ്റിമേറ്റെടുത്ത് നിർവഹണം നടത്താൻ എൻജിനീയറിങ് വിഭാഗത്തിൽ ഒരാൾ പോലുമില്ല. സി.പി.എം ഭരിച്ചിരുന്ന പഞ്ചായത്ത് 2020ൽ യു.ഡി.എഫ് പിടിച്ചെടുത്ത ശേഷമാണ് ഈ അവസ്ഥയിലായതെന്ന് ആക്ഷേപമുണ്ട്. നിലവിലെ ഭരണസമിതി ചുമതലയേറ്റ് രണ്ടര വർഷത്തിനിടെ അഞ്ചു തവണയാണ് ഇവിടത്തെ എൻജിനീയറെ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.