മണ്ണാർമലയിലെ നിർദിഷ്ട ക്വാറിയുടെ സർവേ മാപ്: അപേക്ഷ തീർപ്പാക്കാൻ ഹൈകോടതി നിർദേശം
text_fieldsപെരിന്തൽമണ്ണ: കാര്യവട്ടം വില്ലേജിലെ മണ്ണാർമലയിൽ ക്വാറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർവേ മാപ്പിനായുള്ള അപേക്ഷയിൽ ഈ മാസം 30നകം സ്ഥലം പരിശോധിച്ച് നടപടി കൈക്കൊള്ളാൻ പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായക്ക് ഹൈകോടതി നിർദേശം.
കാര്യവട്ടം വില്ലേജിൽ സർവേ നമ്പർ 1/1എയിലുൾപെട്ട സ്ഥലത്ത് കരിങ്കൽ ക്വാറിക്കായി സർവേ മാപ് മേലൊപ്പ് ചാർത്തി ലഭിക്കാൻ, ഉടമയായ തൊടുപുഴ സ്വദേശി 2021 ആഗസ്റ്റ് 21ന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ 2022 മാർച്ച് 10ന് സ്ഥലപരിശോധന നടത്തിയപ്പോൾ ബന്ധപ്പെട്ട പ്രദേശം ചൂണ്ടിക്കാണിക്കാൻ ഉടമകളില്ലാത്തതിനാൽ അപേക്ഷ നിരസിച്ചിരുന്നു. തുടർന്നാണ് ഉടമ കോടതിയെ സമീപിച്ചത്.
ജിയോളജി വിഭാഗവും കാര്യവട്ടം വില്ലേജ് ഓഫിസറും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്വാറി തുടങ്ങുന്ന ഭൂമിക്ക് സർവേ മാപ് മേലൊപ്പ് ചാർത്തി നൽകാൻ സാധിക്കില്ലെന്നാണ് അന്നത്തെ തഹസിൽദാർ കെ. ദേവകി അപേക്ഷകരെ രേഖാമൂലം അറിയിച്ചത്.
സർവേ മാപ് നൽകുന്നതിനുമുമ്പ് ബന്ധപ്പെട്ട ഭൂമി സന്ദർശിക്കണമെന്നാണ് ചട്ടം. അതേസമയം, സർവേ മാപ് നൽകൽ തഹസിൽദാറുടെ വിവേചനാധികാരം കൂടിയായതിനാൽ പ്രസ്തുത ഭൂമിയുടെ കിടപ്പ്, ഖനനത്തിന് അനുമതി വാങ്ങാനാണെങ്കിൽ അതിന്റെ സാധ്യതയും തദ്ദേശീയരുടെ അഭിപ്രായവും ജിയോളജി, റവന്യൂ വകുപ്പുകളുടെ റിപ്പോർട്ടുകളും നേരത്തെയെടുത്ത നടപടികളും പരിശോധിച്ചാണ് സർവേ മാപ് നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. ക്വാറി തുടങ്ങാനാണെന്ന് ബോധ്യപ്പെട്ടതിനാൽ അക്കാര്യങ്ങൾകൂടി പരിശോധിച്ച് ചൊവ്വാഴ്ച നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.