താലൂക്ക് വികസന സമിതി യോഗം; നിറഞ്ഞത് പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കും ദുരിതവും
text_fieldsപെരിന്തല്‍മണ്ണ: താലൂക്ക് വികസന സമിതി യോഗത്തിൽ നിറഞ്ഞുനിന്നത് പെരിന്തൽമണ്ണ നഗരം അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും റോഡുകളുടെ തകർച്ചയും. അങ്ങാടിപ്പുറത്ത് ഓരാടംപാലം മുതൽ മാനത്തുമംഗലം വരെയുള്ള ബൈപാസ് 2010ൽ അനുവദിച്ചെങ്കിലും തുടർന്നുവന്ന ജനപ്രതിനിധികളോ സർക്കാരോ വിഷയം ഏറ്റെടുത്ത് ലക്ഷ്യത്തിലെത്തിക്കാനോ പദ്ധതി പൂർത്തിയാക്കാനോ ശ്രമിക്കാത്തതിന്റെ ദുരിതം ജനങ്ങളാണ് അനുഭവിക്കുന്നത്. ഗതാഗതക്കുരുക്കിന് മുഖ്യ പരിഹാരമായി നിർദേശിക്കപ്പെട്ടതാണ് നിർദിഷ്ട ബൈപാസ്. കുരുക്ക് പരിഹരിക്കണമെന്നും ജനങ്ങളുടെ ദുരിതം തീർക്കണമെന്നും ആവശ്യപ്പെടുന്നതല്ലാതെ യു.ഡി.എഫോ എൽ.ഡി.എഫോ ബൈപാസ് പദ്ധതി നടപ്പാക്കാത്തതിനെതിരെയോ സർക്കാർ മുഖം തിരിക്കുന്നതിനെതിരെയോ വേണ്ടവിധം രംഗത്ത് വരുന്നില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്.
പെരിന്തൽമണ്ണ ടൗണിൽ ടൗണ്‍ഹാള്‍-കക്കൂത്ത് റോഡ് വീതികൂട്ടി നവീകരിച്ചിട്ടുണ്ട്. വെട്ടത്തൂര്‍ ഭാഗങ്ങളില്‍നിന്ന് മാട് റോഡ് വഴി ടൗണില്‍ പ്രവേശിക്കാതെ പോകാന്‍ റിങ് റോഡായി ഇത് പ്രയോജനപ്പെടുന്നുണ്ടെന്ന് നജീബ് കാന്തപുരം എം.എൽ.എ യോഗത്തിൽ വിശദീകരിച്ചു. അതേസമയം, പെരിന്തല്‍മണ്ണയിലെ റിങ് റോഡുകള്‍ പരമാവധി വീതികൂട്ടി നന്നാക്കുകയാണ് ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ വേഗത്തില്‍ ചെയ്യാവുന്നതെന്ന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ പറഞ്ഞു. തിരക്ക് കൂടിയ ടൗണിലെ ചെറുറോഡുകളില്‍ പൊലീസുമായി ആലോചിച്ച് വണ്‍വേ രീതി ഏര്‍പ്പെടുത്തണമെന്ന് മങ്കട ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുള്‍ കരീം നിര്‍ദേശിച്ചു.
ഉത്സവകാലം കണക്കിലെടുത്ത് നിലമ്പൂരിലേക്ക് ഷൊര്‍ണൂരില്‍ നിന്നും രാത്രി 9.30-ന് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷിജു എം. സാമുവലിന്റെ നിര്‍ദേശം താലൂക്ക് വികസനസമിതിയുടെ പ്രമേയമായി അംഗീകരിച്ചു. അവസാന ട്രെയിനിൽ കയറിപ്പറ്റാൻ കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ ഇറങ്ങുന്ന യാത്രക്കാർ കൈക്കുഞ്ഞുങ്ങളെയുമായി ഓടുന്നത് സംബന്ധിച്ചു ‘മാധ്യമം’ വാർത്തകൾ നൽകിയിരുന്നു. പുലാമന്തോള്‍-കൊളത്തൂര്‍ റോഡില്‍ പൈപ്പിടാന്‍ കുഴിച്ച 1800 മീറ്റര്‍ ഭാഗവും തൂത-ഏലംകുളം റോഡിലെ അരക്കിലോമീറ്ററും നന്നാക്കാനുള്ള ടെന്‍ഡര്‍ ആരും ഏറ്റെടുത്തില്ലെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. തഹസില്‍ദാര്‍ ഹാരിസ് കപ്പൂര്‍, എല്‍.എ തഹസില്‍ദാര്‍ എ. വേണുഗോപാലന്‍, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരന്‍, ഹംസ പാലൂര്, എന്‍.പി. ഉണ്ണികൃഷ്ണന്, കൃഷ്ണദാസ് ആല്‍പ്പാറ, സി. സേതുമാധവന് തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഗതാഗതക്കുരുക്ക് സംബന്ധിച്ച് ജനകീയ സെമിനാർ നടത്തും -എം.എൽ.എ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജനകീയ സെമിനാര്‍ ആലോചനയിലുണ്ടെന്ന് താലൂക്ക് വികസന സമിതിയിൽ നജീബ് കാന്തപുരം എം.എൽ.എ വിശദീകരിച്ചു. ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ യോഗം മുമ്പ് ചേര്‍ന്നിരുന്നു. ഔദ്യോഗിക സ്വഭാവത്തോടുകൂടി ഇടപെടല്‍ നടത്തുന്നതിനാണ് സെമിനാര്‍. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘടന പ്രതിനിധികളുമടങ്ങുന്ന ജനകീയ സെമിനാറില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. കുരുക്ക് മാറ്റാനുള്ള പരിഹാരവും അടിയന്തരമായി നടപ്പാക്കാനാകുന്ന കാര്യങ്ങളും ചര്‍ച്ച നടത്തി നിർദേശങ്ങളണ് സർക്കാറിന് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.