മാലിന്യം സ്വീകരിക്കാൻ ‘താമരാക്ഷൻപിള്ള ബസ്’ റെഡി
text_fieldsപെരിന്തൽമണ്ണ: താമരാക്ഷൻ പിള്ള ബസ് മാതൃകയിൽ മാലിന്യനിർമാർജത്തിന് സൗകര്യം ഒരുക്കി പെരിന്തൽമണ്ണ നഗരസഭ. മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയാണ് (എം.സി.എഫ്) പഴയ ബസ്. പെരിന്തൽമണ്ണ നഗരസഭ ഓഫിസിനു സമീപം തുരുമ്പെടുത്ത് കിടന്ന ബസ് നവീകരിച്ച് ‘ഈ പറക്കും തളിക’ സിനിമ മാതൃകയിൽ ആക്കിയാണ് ഒരുക്കിയത്. പറക്കുംതളിക സിനിമയിലെ കഥാപാത്രങ്ങളായ ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, നിത്യ ദാസ് തുടങ്ങിയവരെ ബസിൽ വരച്ചു വെച്ചിട്ടുണ്ട്.
പെരിന്തൽമണ്ണ പോളിടെക്നിക് എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികളുടെ സഹായവും ചിത്രകാരൻ ചന്ദ്രന്റെ വരയും ചേർന്നപ്പോൾ താമരക്ഷൻ പിള്ള ബസ് ഗംഭീരമായി. പരിസരത്തെ വാർഡുകളിൽനിന്നുള്ള മാലിന്യം ബസിൽ ശേഖരിക്കും. ശുചീകരണ തൊഴിലാളികൾ ഇവ വേർതിരിക്കും. ശേഷം കുന്നപ്പള്ളിയിലെ പ്ലാന്റിലേക്ക് സംസ്കരണത്തിന് അയക്കും. നഗരസഭയിൽ വ്യത്യസ്തരൂപത്തിൽ ഇത്തരം കേന്ദ്രം മറ്റിടങ്ങളിലും ഒരുക്കുമെന്ന് നഗരസഭ ചെയർമാൻ പി. ഷാജി, സ്ഥിരം സമിതി അധ്യക്ഷൻ പി. ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.