ടാങ്കർ അപകടം: പെരിന്തൽമണ്ണ ആശങ്കയിലായത് മണിക്കൂറുകൾ
text_fieldsപെരിന്തൽമണ്ണ: നിർമാണം നടക്കുന്ന പാലത്തിൽനിന്ന് ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് മണിക്കൂറുകളോളം ആശങ്ക. പെരിന്തൽമണ്ണ -ഊട്ടി റോഡിൽ ബുധനാഴ്ച പുലർച്ച 12.15ഓടെ ഉണ്ടായ സംഭവത്തിൽ പെട്രോൾ ചോർന്നു തുടങ്ങിയതാണ് ആശങ്ക കൂട്ടിയത്. ഇന്ധനച്ചോർച്ച തടയാൻ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ നിവർത്തിയ ശേഷം മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റി. ബുധനാഴ്ച ഉച്ചക്കു ശേഷം 2.30ന് ആരംഭിച്ച ഇന്ധനം മാറ്റൽ 5.30ഓടെയാണ് പൂർത്തിയായത്. കൊച്ചിയിൽനിന്ന് പെട്രോളുമായി എത്തിയ 12,000 ലിറ്റർ ശേഷിയുള്ള ടാങ്കറാണ് മറിഞ്ഞത്. ടാങ്കർ ലോറി ഡ്രൈവർ കൃഷ്ണൻകുട്ടിയും ക്ലീനർ ജിനുവും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാലം കഴിഞ്ഞ ഉടനെ റോഡിൽ ഇരുഭാഗത്തും മണ്ണ് കൂട്ടിയിട്ട ഭാഗത്തുള്ള ചതുപ്പിലെ വെള്ളത്തിലേക്കാണ് വാഹനം പതിച്ചത്. പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ സി. ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിശമന സേന ഇന്ധനം ചോരുന്നത് കണ്ടെത്തി മറ്റു അപകട നിവാരണ പ്രവർത്തനങ്ങൾ നടത്തി. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മറിച്ചിട്ടാണ് ബുധനാഴ്ച രാവിലെ ചോർച്ച പൂർണമായും തടഞ്ഞത്.
അപകടം നടന്നത് മുതൽ, വാഹന ഗതാഗതം ഇതുവഴി നിർത്തി. വൈദ്യുതി ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തി. പാലം പണിയുന്നിടത്തത് വേണ്ടത്ര വെളിച്ചമോ സിഗ്നൽ മുന്നറിയിപ്പ് സൗകര്യങ്ങളോ നിർമാണം നടക്കുന്നതായ സൂചനകളോ ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവർ കൃഷ്ണൻകുട്ടി പറഞ്ഞു. 12,000 ലിറ്റർ പെട്രോളിൽ ശരാശരി 1000 ലിറ്ററോളം ചതുപ്പിലെ വെള്ളത്തിൽ ചോർന്നു. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ നിവർത്തുമ്പോൾ അഗ്നിബാധയുണ്ടാവുന്നത് തടയാൻ ഫയർഫോഴ്സ് വൻതോതിൽ വെള്ളം പമ്പ് ചെയ്ത് പ്രത്യേക മുൻകരുതലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.