അലീഗഢ് കാമ്പസിൽ പുതിയ കോഴ്‌സുകൾക്ക് മുമ്പ് ഭൗതിക സൗകര്യങ്ങളൊരുക്കും
text_fieldsപെരിന്തൽമണ്ണ: മലപ്പുറം അലീഗഢ് കാമ്പസിൽ ഇനിയുള്ള ശ്രമങ്ങൾ പുതിയ കോഴ്സുകൾക്ക് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ. 2019ൽ നൽകിയ പത്ത് ആവശ്യങ്ങളിൽ മൂന്നെണ്ണം സർവകലാശാല അംഗീകരിച്ചു. ഇതിൽ 113 കോടിയുടെ പ്രപ്പോസൽ അംഗീകരിച്ചിട്ടുണ്ട്.
ഈ ഫണ്ട് കൈപ്പറ്റിയാൽ തുകയുടെ പത്ത് ശതമാനം തിരിച്ചടക്കണം. പ്രപ്പോസൽ നൽകാൻ സർവകലാശാല നിർദേശിച്ചിട്ടുണ്ട്. പണം തിരിച്ചടക്കൽ ഏറെ ദുഷ്കരമാണെങ്കിലും ഫണ്ട് വാങ്ങാനാണ് തീരുമാനം.ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസ്, ഫാക്കൽറ്റി ഓഫ് ആർട്സ്, ഫാക്കൽറ്റി ഓഫ് മാനേജ്മെൻറ്, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് എന്നിവയുടെ കെട്ടിടവും സൗകര്യങ്ങളും ഒരുക്കലാണ് ലക്ഷ്യം.
കെട്ടിടവും സൗകര്യവും ഒരുക്കിയ ശേഷം പുതിയ കോഴ്സുകൾ തേടുകയാണ് ലക്ഷ്യമിടുന്നതെന്നും കെട്ടിടമില്ലാത്തതിന്‍റെ പേരിൽ കോഴ്സുകൾ ആവശ്യപ്പെടാനാവാത്ത സ്ഥിതി മാറുമെന്നും മലപ്പുറം കേന്ദ്രം ഡയറക്ടർ ഡോ. കെ.പി. ഫൈസൽ പറഞ്ഞു.
29ഓളം വിദൂരപഠന കോഴ്സുകളാണിവിടെ ഇപ്പോൾ. ബി.എൽ.ഐ.എസ്.സി, ബി.കോം, ബി.എസ്സി കമ്പ്യൂട്ടർ സയൻസ് എന്നിവ വിദൂരപഠന ബിരുദ കോഴ്സുകളാണ്. ബാക്കിയുള്ളവ ഡിപ്ലോമ കോഴ്സുകളും.2019ൽ 50കോടിയുടെ പദ്ധതി ന്യൂനപക്ഷ വകുപ്പ് മന്ത്രാലയം വഴി ലഭിച്ചതിന്‍റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
നിലവിലെ മൂന്ന് വകുപ്പുകളിലേക്ക് സൗകര്യങ്ങൾ ഒരുക്കുന്നത് തടസ്സമില്ലാതെ മുന്നോട്ടുപോവുന്നുണ്ട്. സ്ഥിരം നിയമനങ്ങളിൽ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങളിൽ തർക്കമുണ്ടായതിനാൽ നീളുകയാണ്.
ദിവസവേതന നിയമനത്തിന് ശമ്പളം നൽകിയിരുന്നത് ഗ്രാൻറ് ഉപയോഗപ്പെടുത്തിയാണ്. ഗ്രാൻറ് കഴിഞ്ഞതിനാൽ സർവകലാശാല നേരിട്ട് ഇപ്പോൾ അക്കൗണ്ടിലേക്ക് നൽകുകയാണ്. 500 കോടി രൂപ ലഭിച്ചാൽ കാമ്പസ് വികസനത്തിന്‍റെ പകുതി പൂർത്തിയാവും.
ഇത്തവണയും പുതിയ കോഴ്സുകളില്ല
പെരിന്തൽമണ്ണ: ഭൂവിസ്തൃതിയുള്ള കാമ്പസും സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്ന അലീഗഢ് മുസ്ലിം സർവകലാശാലയിൽ ഈ അധ്യയനവർഷവും പുതിയ കോഴ്സുകളില്ല. പുതിയ കോഴ്സുകൾക്ക് അനുമതി തേടിയിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. 60 വീതം സീറ്റുള്ള ബി.എ.എൽ.എൽ.ബി, എം.ബി.എ, 50 സീറ്റുള്ള ബി.എഡ് എന്നീ കോഴ്സുകളാണ് ഇവിടെ റെഗുലറായി ഉള്ളത്.
'ബി.എ.എൽ.എൽ.ബിയും എം.ബി.എയും 2010-11 വർഷം തുടങ്ങിയതാണ്. 2013ലാണ് ബി.എഡ് ആരംഭിച്ചത്. പ്ലസ് ടു ഫലം വന്ന് ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടുന്ന ജില്ലയിലെ വിദ്യാർഥികൾക്ക് തികഞ്ഞ നിരാശയാണ് കാമ്പസ് സമ്മാനിക്കുന്നത്. 385 ഏക്കർ ഭൂമി പെരിന്തൽമണ്ണ ടൗണിന് സമീപം ഏലംകുളം പഞ്ചായത്ത് പരിധിയിൽ ചേലാമലയിൽ ഏറ്റെടുത്ത് നൽകിയത് 2009ലാണ്.
മെഡിക്കൽ, എൻജിനീയറിങ് പഠനത്തിനും അലീഗഢിൽ സൗക്യമുണ്ടാവുമെന്നായിരുന്നു ഭൂമി ഏറ്റെടുത്ത വേളയിലെ ഉറപ്പ്. വ്യത്യസ്തങ്ങളായ 20 കോഴ്സുകൾക്കും കേരളത്തിൽ ഇല്ലാത്ത ട്രേഡുകളോടെ ഒരു പോളിടെക്നിക്കിനും അനുമതി തേടിയിട്ട് അഞ്ച് വർഷമായി.
അനുമതി തേടിയ ഉന്നത പ്രഫഷനൽ കോഴ്സുകൾ
ബി.എ ഇംഗ്ലീഷ്, ബി.കോം, ബി.ബി.എ, ബി.എസ്സി കെമിസ്ട്രി, ഫിസിക്സ്, എം.എ എജുക്കേഷൻ, എം.എ താരതമ്യ സാഹിത്യപഠനം, ജേണലിസം പി.ജി, എം.എ പൊളിറ്റിക്കൽ സയൻസ്, എം.എസ്.സി എൻവയോൺമെൻറൽ സയൻസ്, എം.എസ്.സി ജിയോളജി, എം.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് കാറ്ററിങ് സയൻസ്, എം.എസ്.സി സൈക്കോളജി, ലൈബ്രറി സയൻസ് പി.ജി, എൽ.എൽ.എം, എം.എഡ്, പി.ജി ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് അറബിക് ട്രാൻസ്ലേഷൻ, പി.ജി ഡിപ്ലോമ ഇൻ ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഫിനാൻസ്, പി.ജി ഡിപ്ലോമ ഇൻ കൗൺസലിങ് ആൻഡ് പാരാ സൈക്കോളജി എന്നീ കോഴ്സുകൾക്കാണ് അനുമതി തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.