പെരിന്തൽമണ്ണയിൽ രണ്ട് സ്ഥാപനങ്ങളിൽ മോഷണം
text_fieldsപെരിന്തല്‍മണ്ണ: ജില്ല ആശുപത്രിക്ക് സമീപം ദേശീയപാതയോരത്തെ രണ്ട് സ്ഥാപനങ്ങളില്‍ മോഷണം. ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് സെൻറര്‍ ഫാര്‍മസിയിലും തൊട്ടടുത്ത ബേക്കറിയിലുമാണ് മോഷണം നടന്നത്. ഫാര്‍മസിയില്‍ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 64,000 രൂപയോളം നഷ്ടപ്പെട്ടു. സ്ഥാപനത്തിനുള്ളിലും പുറത്തുമായി സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വികളില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ച നാലോടെ ആദ്യം ബേക്കറിയിലാണ് മോഷ്ടാവ് കയറിയത്. ഇവിടെനിന്ന് ഒന്നും കിട്ടാതെ പുറത്തിറങ്ങി. തുടര്‍ന്ന് 4.20ഓടെ തൊട്ടടുത്ത ഫാര്‍മസിയുടെ ഷട്ടറിെൻറ പൂട്ട് തകര്‍ത്താണ് അകത്തുകടന്നത്. പൂട്ട് തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന കമ്പി എടുത്തുകൊണ്ടുവന്നാണ് പൂട്ട് തകര്‍ത്തത്. തലയും കഴുത്തും മൂടുന്ന തരത്തിലുള്ള തൊപ്പിയും മാസ്ക്കും മോഷ്ടാവ് ധരിച്ചിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. മുണ്ടുടുത്ത് എത്തിയ ഇയാള്‍ അകത്ത് കടന്നയുടന്‍ ടോര്‍ച്ച് തെളിയിച്ച് മേശവലിപ്പുകളാണ് പരിശോധിച്ചത്. ഇതിലൊന്നില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. പതിയെ പുറത്തിറങ്ങി ഷട്ടര്‍ താഴ്ത്തിയ ശേഷമാണ് മോഷ്ടാവ് പോയത്.
പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലും സംഘവും മോഷണം നടന്ന സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന് സമീപം ഊട്ടി റോഡിൽ രണ്ടു സ്ഥാപനങ്ങളിൽ അടുത്തിടെ മോഷണം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.