ഇമ്രാനായി കൈകോർത്തത് ആയിരങ്ങൾ; ഒടുവിൽ കണ്ണീരാഴങ്ങളിൽ മടക്കം
text_fieldsപെരിന്തൽമണ്ണ: കാരുണ്യത്തിെൻറ ഉറവ വറ്റാത്ത മനസ്സുകൾ വിവിധ നാടുകളിൽ കുഞ്ഞുജീവൻ രക്ഷിക്കാൻ നടത്തിയ അവസാന ശ്രമത്തിനിടെയാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി കുഞ്ഞ് ഇമ്രാൻ വിടവാങ്ങിയത്. സഹായം നൽകിയും ആശ്വാസം പകർന്നും കഴിഞ്ഞ ഒരുമാസത്തിനിടെ അങ്ങാടിപ്പുറം വലമ്പൂരിലെ കുളങ്ങരപ്പറമ്പിൽ ആരിഫിെൻറ വീട്ടിൽ പലരുമെത്തി. പെരുന്നാൾ ദിവസം പുലർച്ചെ പോലും ശേഷിക്കുന്ന തുക സ്വരൂപിക്കാൻ അങ്ങാടിപ്പുറത്ത് യുവജന സംഘടനാ പ്രവർത്തകർ പായസ ഫെസ്റ്റ് തീരുമാനിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കിയതാണ്.
ജനിച്ച് 17 ദിവസമായിട്ടും സാധാരണ കുഞ്ഞുങ്ങളെപോലെ കൈകൾ മുകളിലേക്കുയർത്തി ചലിപ്പിക്കാത്തത് ശ്രദ്ധയിൽപ്പെട്ടു. പീഡിയാട്രിക് വിഭാഗം വിദഗ്ധർ പലരും പരിശോധിച്ചതോടെ രോഗത്തിെൻറ ഗൗരവം ഡോക്ടർമാർക്കും മനസിലായി. രോഗം തിരിച്ചറിയുകയും ചികിത്സക്ക് വലിയ തുക ചെലവു വരുമെന്നും അറിഞ്ഞ ആരിഫ് സർക്കാറുമായി ബന്ധപ്പെട്ടു. മാർച്ചിൽ മുൻ ആരോഗ്യമന്ത്രിയുമായി ഒരുതവണയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുമായി ഒരുതവണയും നേരിൽ സംസാരിച്ചു.
കഴിയാവുന്നതെല്ലാം ചെയ്യാമെന്ന് മന്ത്രിയും സർക്കാറും ഉറപ്പു നൽകിയിരുന്നു. പിന്നീട് സർക്കാറിെൻറ സഹായം തേടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ജൂൺ 28നകം സർക്കാറിനോട് ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈകോടതി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ ജൂൺ 25ന് തന്നെ പിതാവ് ആരിഫും സുഹൃത്തുക്കളും ഊർജിത ശ്രമം ആരംഭിച്ചു. 16.10 കോടിയിൽ എത്തിയതോടെ പ്രതീക്ഷകൾ കൂടി. എന്നാൽ, മരുന്നിനും ചികിത്സക്കും കാത്തുനിൽക്കാതെ അവൻ വിടവാങ്ങി, വേദനയില്ലാത്ത ലോകത്തേക്ക്.
പ്രചാരണം ഏറ്റെടുത്തത് സമൂഹമാധ്യമങ്ങൾ
പെരിന്തൽമണ്ണ: ഇമ്രാനായി 18 കോടിയുടെ മരുന്നും ചികിത്സയും നാട് ഏറ്റെടുത്തത് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരണം വന്നതോടെ. വിവിധ കോണുകളിൽനിന്ന് സഹായം ഉറപ്പുനൽകി ഏതാനും ആഴ്ചകൾക്കിടെ നിരന്തരം വിളികൾ വന്നതോടെ പ്രതീക്ഷ അങ്ങോളമെത്തി.
ഒരു രൂപ തുട്ടുകളടക്കം മിനിറ്റിൽ 20 പേർ വരെ അക്കൗണ്ടിൽ തുക നിക്ഷേപിച്ചു കൊണ്ടേയിരുന്നു. സോഷ്യൽ മീഡിയക്ക് പുറമെ പത്രങ്ങളിലും ചാനലുകളിലും വിശദമായ വാർത്ത വന്നതോടെ ദൂെര ദിക്കുകളിൽ നിന്നടക്കം സഹായമൊഴുകി. ചികിത്സ ആവശ്യം സംബന്ധിച്ച് വന്ന ഫോൺ നമ്പറിലേക്ക് വിദ്യാർഥികളും കുട്ടികളും തുടരെ സഹായവുമായി വിളിച്ചുകൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.