ആംബുലൻസിൽ കടത്തിയ 46 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: വിശാഖപട്ടണത്തുനിന്നും ആംബുലന്‍സില്‍ കൊണ്ടുവന്ന 46 കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് പിടികൂടി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാൻ (46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ (40), മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി (36) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ്, എക്സൈസ് പരിശോധന ഒഴിവാക്കാനാണ് ആംബുലന്‍സ് തിരഞ്ഞെടുത്തതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. ഏതാനും മാസങ്ങൾക്കിടയിൽ ആംബുലൻസിൽ മൂന്നോ നാലോ തവണ കഞ്ചാവു കടത്തിയിട്ടുണ്ടെന്നും പിടിയിലാവുന്നത് ആദ്യമാണെന്നും സംഘം പൊലീസിനോട് വ്യക്തമാക്കി.
ആംബുലൻസ് വാടകക്കെടുത്താണ് ഉപയോഗിച്ചതെന്നും സംഭവത്തിൽ കൂടുതൽ കണ്ണികളുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം. സന്തോഷ്കുമാർ അറിയിച്ചു. നേരത്തെ കഞ്ചാവുകടത്തിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് സംഘത്തിലേക്ക് പൊലീസ് എത്തിയതും നിരീക്ഷണം നടത്തിയതും.
പാലക്കാട് ജില്ലവഴി വന്ന സംഘത്തെ പിന്തുടർന്ന് കാപ്പുമുഖത്തുവെച്ചാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ലോക്ഡൗണ്‍ ലക്ഷ്യം വച്ച് ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര കാറുകളിൽ ഒളിപ്പിച്ച് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ ഏജന്‍റുമാരായി ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും നേരത്തെ ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന് വിവരം ലഭിച്ചിരുന്നു. ഏതാനും മാസം മുമ്പാണ് ലോറിയിൽ കയറ്റിക്കൊണ്ടുവന്ന 205 കിലോ കഞ്ചാവ് ഇത്തരത്തിൽ പിന്തുടർന്ന് പിടികൂടിയത്.
പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുനില്‍ പുളിക്കല്‍, സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലെ സംഘത്തിൽ ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരന്‍, സി.പി.സന്തോഷ്, പ്രശാന്ത്, കൃഷ്ണകുമാര്‍, മനോജ് കുമാര്‍, അഭിലാഷ്, ആസിഫ് അലി, ജിയോ ജേക്കബ്, സക്കീര്‍ കുരിക്കള്‍, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഒാഫീസർ മുഹമ്മദ് ഫൈസല്‍, ബൈജു, സി.പി.ഒമാരായ സജീര്‍, കബീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.