പൂവണിഞ്ഞത് ദീർഘകാല സ്വപ്നം; ഫായിസിന് സന്നദ്ധ കൂട്ടായ്മയിൽ മുച്ചക്ര വാഹനം
text_fieldsപെരിന്തല്‍മണ്ണ: ബൈപാസ് റോഡില്‍ വഴിയോര കച്ചവടം നടത്തുന്ന പി.ടി.എം കോളജ് ബിരുദ വിദ്യാർഥി ഫായിസിന് സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിൽ മുച്ചക്ര വാഹനം ലഭിച്ചു. വിവിധ സർക്കാർ ഏജൻസികളും തദ്ദേശ സ്ഥാപനവും മുച്ചക്ര വാഹനങ്ങൾ നൽകിയിരുന്നെങ്കിലും ആ വഴിക്കൊന്നും ഫായിസിനെ പരിഗണിച്ചിരുന്നില്ല. ഏതാനും ദിവസം മുമ്പ് നജീബ് കാന്തപുരം എം.എല്‍.എ ഫായിസിന്റെ കച്ചവട സ്ഥലത്തെത്തിയപ്പോൾ തനിക്ക് കോളജില്‍ പോകാൻ വാഹന സൗകര്യമില്ലാത്തതിന്റെ പ്രയാസങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യം എം.എല്‍.എ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ആസ്ട്രേലിയയില്‍ ജോലിചെയ്യുന്ന പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവ് തന്റെ മരിച്ച മാതാവിന്റെ ഓര്‍മക്കായി ഫായിസിന് വാഹനം വാങ്ങാനായി 50,000 രൂപ നല്കി. കൊളത്തൂര്‍ നാഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപകരും വിദ്യാർഥികളും 40,000 രൂപയും സ്വരൂപിച്ച് നല്കി. ഇതോടെയാണ് ഫായിസിന്റെ സ്വപ്നം പൂവണിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ എം.എല്‍.എയും കൊളത്തൂര്‍ എന്‍.എച്ച്.എസ്.എസ് അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും ഫായിസിന്റെ കച്ചവട സ്ഥാപനത്തിലെത്തി വാഹനം സമ്മാനിച്ചു.
ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ സലീം താമരത്ത്, പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് പ്രസിഡന്റ് ചേരിയില്‍ മമ്മിക്കുട്ടി, കുറ്റീരി മാനുപ്പ, കിഴിശ്ശേരി മുഹമ്മദ്, ഇടുവമ്മല്‍ ഹനീഫ, കിഴിശ്ശേരി റഷീദ്, ജിതേഷ് കിഴിശ്ശേരി, പി.ടി. മുര്‍റത്ത്, ഉനൈസ് കക്കൂത്ത്, വി.സി. നൗഷാദ്, കെ.എം. റാഷിഖ്, എന്‍.എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ പി.വി. മുരളി, അധ്യാപകരായ കെ.എസ്. സുമേഷ്, പി. പ്രജീഷ്, അബ്ദുല്‍ ഗഫൂര്‍, സാമൂഹിക പ്രവര്‍ത്തകരായ ഉനൈസ് കക്കൂത്ത്, വ്ലോഗര്‍ മൊയ്നു തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.