പാഴായത് മൂന്നുവർഷം; മലപ്പുറം ജില്ല ആശുപത്രിയിൽ ഒ.പി ബ്ലോക്ക് നിർമാണ ഘട്ടത്തിലേക്ക്
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് നിർമിക്കാൻ 1,04,41,917 രൂപയുടെ പദ്ധതി നിർമാണഘട്ടത്തിലേക്ക്. ആഗസ്റ്റിൽ ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതാണ്. സർക്കാർ ഈ തുക 2020 ജനുവരിയിലാണ് അനുവദിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴിയാണ് പദ്ധതി അനുവദിച്ചു കിട്ടിയത്.
പുതിയ കെട്ടിടം നിർമിക്കാൻ 10 വർഷമായി ഉപയോഗിക്കാതെ കിടന്ന പേവാർഡ് പൊളിക്കാൻ അനുമതി ലഭിക്കാതെ രണ്ടര വർഷത്തോളം കാത്തിരുന്ന ശേഷം അനുമതി ലഭിച്ച് രണ്ടാഴ്ച മുമ്പ് കെട്ടിടം പൊളിച്ചു. 25നകം പുതിയ കെട്ടിടം നിർമാണോദ്ഘാടനം നടത്താനാണ് ആലോചന. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പഴയ പേ വാർഡ് കെട്ടിടം പൊളിക്കാൻ അനുമതി നൽകാതെ വൈകിക്കുകയായിരുന്നു. നിലവിലെ പഴയതും സൗകര്യങ്ങൾ കുറഞ്ഞതുമായ ഒ.പി ഹാളുകൾ നന്നേ ചെറുതാണ്.
രോഗികളുടെ തിക്കും തിരക്കുമാണിവിടെ. ജനറൽ മെഡിസിൻ, ഓർത്തോ, ചെസ്റ്റ്, കാൻസർ എന്നീ ഒ.പികളും ലാബും നിലവിലെ കെട്ടിടത്തിൽ താഴെയും കണ്ണ്, തൊലി, ഇ.എൻ.ടി, പി.എം.കെ, ഡെന്റൽ തുടങ്ങിയ ഒ.പികൾ മുകളിലുമായാണ് പ്രവർത്തനം. വ്യത്യസ്ത ഫണ്ടുകൾ കൊണ്ട് അശാസ്ത്രീയമായി പലപ്പോഴായി നിർമിച്ച ചെറിയ ബ്ലോക്കുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. ഐ.പി, ഒ.പി എന്നിവക്ക് പ്രത്യേക ബ്ലോക്കില്ല.
കിഫ്ബി പ്ലാൻ തയാറാക്കിയില്ല; അത്യാഹിത വിഭാഗവും അഡ്മിനിസ്ട്രേഷൻ ബ്ലോക്കും കടലാസിൽ
പെരിന്തൽമണ്ണ: അടിസ്ഥാന സൗകര്യവികസന പദ്ധതിയിൽ (കിഫ്ബി) പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ലഭിച്ച 11 കോടി രൂപയുടെ അത്യാഹിത വിഭാഗവും അഡ്മിനിസ്ട്രേഷൻ വിഭാഗവും ഇപ്പോഴും കടലാസിൽതന്നെ. പദ്ധതിക്ക് അന്തിമ പ്ലാൻ തയാറാക്കേണ്ടത് കിഫ്ബിയാണ്.
കൺസൽട്ടിങ് ഏജൻസി കിറ്റ്കോയാണ് പ്ലാൻ തയാറാക്കേണ്ടത്. അന്തിമ പ്ലാനില്ലാത്തതിനാൽ അനന്തമായി നീളുകയാണ് 11 കോടിയോളമുള്ള വികസന പദ്ധതി. അന്തിമ പ്ലാൻ ലഭിച്ച ശേഷമേ ജില്ല ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ കഴിയൂ. ജില്ല പഞ്ചായത്ത് പുതിയ ഭരണസമിതി ചുമതലയേറ്റ് മൂന്നുമാസം കഴിഞ്ഞ ഉടനെ കൈക്കൊണ്ട തീരുമാനമാണ് മാസ്റ്റർ പ്ലാൻ. പണം നീക്കിവെച്ച് സർക്കാർ ഏജൻസിയായ കെല്ലിനെ ഏൽപിച്ചത് ഇപ്പോഴും അതേപോലെ തുടരുന്നു.
പുതിയ കെട്ടിടത്തിന് അന്തിമ പ്ലാൻ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെൽ മാസ്റ്റർ പ്ലാനും നൽകുന്നില്ല. പഴയ ഓഫിസും നിലവിലെ അത്യാഹിത വിഭാഗവും ഒ.പി കൗണ്ടറുമടക്കം പൊളിച്ചാണ് അത്യാഹിത വിഭാഗവും അഡ്മിനിസ്ട്രേഷൻ ബ്ലോക്കും നിർമിക്കേണ്ടത്. സംസ്ഥാന സർക്കാർ വഴി ലഭിച്ച വിവിധ നിർമാണങ്ങൾ മുന്നിൽക്കണ്ടാണ് ജില്ല പഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനിച്ചത്.
ജില്ല ആശുപത്രിയായി ഉയർത്തി ഏഴു വർഷത്തോളമായിട്ടും പെരിന്തൽമണ്ണയിൽ കിടക്കകളുടെ എണ്ണം കൂട്ടാനോ സ്പെഷാലിറ്റിയായി വേർതിരിക്കാനോ കഴിയുന്നില്ല. 177 ബെഡാണ് താലൂക്ക് ആശുപത്രിയായിരിക്കെ ഉണ്ടായിരുന്നത്. എട്ട് സ്പെഷാലിറ്റി ഡോക്ടർമാരും 20 ജൂനിയർ കൺസൽട്ടന്റുമാരുമാണിവിടെ.
പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വരുന്നതോടെ കിടക്കകളുടെ എണ്ണം കൂട്ടി പുതിയ തസ്തികകൾ അനുവദിച്ച് ആശുപത്രിയുടെ വികസനം സാധ്യമാവുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഒച്ചിഴയുന്ന വേഗത്തിലാണ് ഓരോന്നും.സർക്കാർ അവഗണനക്ക് എതിരെ ശബ്ദമുയർത്തി ജനകീയ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് താലൂക്കിലെ എം.എൽ.എമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.