കുരുക്കഴിക്കാൻ വേണം, ഇടറോഡുകൾ
text_fieldsപെരിന്തൽമണ്ണ: ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ നിശ്ചലമാവുന്ന പെരിന്തൽമണ്ണ-ഊട്ടി റോഡിലെ ബൈപ്പാസ് ജങ്ഷന് സമാന്തരമായി കടന്നു പോവുന്ന വീതി കൂട്ടിയ ഹൈസ്കൂൾപടി-കക്കൂത്ത് റോഡ് മാട് റോഡിലേക്ക് മുട്ടിക്കാൻ ആവശ്യം. റോഡ് വീതി കൂട്ടി ബി.എം.ആന്റ് ബി.സി പ്രവൃത്തി ഒന്നാംഘട്ടം ഏതാനും മാസം മുമ്പാണ് പൂർത്തിയാക്കിയത്. നജീബ് കാന്തപുരം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടു കോടി നീക്കിവെച്ചാണ് പ്രവൃത്തി നടത്തിയത്. മേലാറ്റൂർ, കരുവാരകുണ്ട്, ആഞ്ചിലങ്ങാടി ഭാഗങ്ങളിൽനിന്ന് പെരിന്തൽമണ്ണ ടൗണിലേക്ക് വരുന്ന വാഹനങ്ങൾ എളുപ്പവഴിയായി കാണുന്നതാണീ മണ്ണാർമല മാട് റോഡ്. ഈ വഴി പോവുന്ന വാഹനങ്ങൾക്ക് ബൈപ്പാസ് ജങ്ഷൻ (ചില്ലീസ് ജങ്ഷൻ) വഴി പോവാതെ പെരിന്തൽമണ്ണ ടൗണിലെത്താമെന്നതാണ് ഗുണം. ഊട്ടി റോഡിൽ ബൈപ്പാസ് ജങ്ഷന്റെയും ടൗണിലെ ട്രാഫിക് ജങ്ഷന്റെയും ഇടയിൽ ഒന്നര കിലോമീറ്റർ വീതി കുറവായതും ഇരു ബൈപ്പാസിലൂടെയും എത്തുന്ന വാഹനങ്ങളുടെ ആധിക്യവും കാരണവും ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമാണിവിടെ.
നഗരസഭയിൽ വാർഡ് അഞ്ച് കുളിർമല, വാർഡ് മൂന്ന് കക്കൂത്ത് എന്നിവയിലൂടെയാണ് പണി പൂർത്തിയായ രണ്ടു കി.മീ റോഡ് കടന്നു പോവുന്നത്. പെരിന്തൽമണ്ണ ഊട്ടിറോഡിലും ചില്ലീസ് ജങ്ഷനിലും കുരുക്കഴിക്കാൻ തുടങ്ങിവെച്ച ടൗൺഹാൾ-കക്കൂത്ത് റോഡ് പദ്ധതിയിൽ ഒരു കി.മീ ഭാഗം കൂടി പ്രവൃത്തി നടത്താൻ ബാക്കിയുണ്ട്. ഈ ഭാഗം വീതി കൂട്ടി ബി.എം ആൻഡ് ബി.സി പ്രവൃത്തി നടത്തിയാൽ ബൈപ്പാസ് ജങ്ഷനിൽ കുരുക്ക് ഏറെക്കുറെ പൂർണമായും അഴിക്കാം. ഈ പദ്ധതിക്ക് തുക കണ്ടെത്തുമെന്ന് നജീബ് കാന്തപുരം എം. എൽ. എ ഒന്നാം ഘട്ടം ഉദ്ഘാടന വേളയിൽ അറിയിച്ചിരുന്നു.
പുതുതായി ഭൂമി ഏറ്റെടുക്കാതെ നിലവിലെ മരാമത്ത് ഭൂമി പരമാവധി റോഡിലേക്ക് ചേർത്തും വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ച് സ്ഥലം കണ്ടെത്തിയുമാണ് ഒന്നാം ഘട്ടം വീതി കൂട്ടിയത്. മാനത്തുമംഗലം പൊന്ന്യാകുർശി ബൈപ്പാസ് ഈ പാതയെ ക്രോസ് ചെയ്താണ് കടന്നു പോവുന്നത്. ഊട്ടി റോഡ് വഴി ടൗണിലെത്തി മടങ്ങുന്ന സ്വകാര്യ ബസുകൾക്ക് മിക്കപ്പോഴും കുരുക്കിൽ പെട്ടു സമയം നഷ്ടമാവുന്നുണ്ട്. പലപ്പോഴും സർവിസ് മുടങ്ങുന്ന സ്ഥിതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.